കൊല്ലം: ചെന്നൈ ഐഐടി വിദ്യാർഥിയായിരുന്ന കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല. ഒന്നാംവർഷ എം.എ ഹ്യുമാനിറ്റീസ് വിദ്യാർഥിയായിരുന്ന കിളികൊല്ലൂർ സ്വദേശി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്‌തിട്ട് ഇന്ന് ഒരു വർഷം തികയുകയാണ്. ഇതിനിടയിലാണ് അന്വേഷണ സംഘത്തിനെതിരെ ആരോപണവുമായി പിതാവ് ലത്തീഫ് രംഗത്തെത്തിയത്. അന്വേഷണത്തെ കുറിച്ച് ഒന്നും കൃത്യമായി അറിയാൻ കഴിയുന്നില്ല. അന്വേഷണത്തിൽ വ്യക്‌തത ആവശ്യപ്പെട്ടു സിബിഐ ഡയറക്‌ടർക്ക് കത്തയച്ചെങ്കിലും മറുപടി ലഭിച്ചില്ല. മകളുടെ മരണത്തിൽ നീതി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയയ്ക്കും.
ഐഐടി വിദ്യാർഥി ഫാത്തിമ ലത്തീഫിന്‍റെ മരണത്തിൽ നീതി തേടി കുടുംബം - IIT student Fatima Latif death
ഫാത്തിമ ലത്തീഫ് മരിച്ചിട്ട് ഒരു വർഷം തികഞ്ഞിട്ടും അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിനെതിരെ ആരോപണവുമായി പിതാവ് ലത്തീഫ് രംഗത്തെത്തിയത്.
അന്വേഷണം സിബിഐ ഏറ്റെടുത്തിട്ടും തങ്ങളിൽ നിന്ന് ഇതുവരെയും മൊഴി എടുത്തിട്ടില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. മകൾ ആത്മഹത്യ ചെയ്യില്ലെന്നും മരണം വരെ പോരാട്ടം തുടരുമെന്നും പിതാവ് ലത്തീഫ് പറഞ്ഞു. കഴിഞ്ഞ വർഷം നവംബർ ഒമ്പതിനാണ് ഫാത്തിമ ലത്തീഫിനെ ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പഠനത്തിൽ മിടുക്കിയായിരുന്ന ഫാത്തിമ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. അതേസമയം മരണത്തിനു ഉത്തരവാദികളായ അധ്യാപകരെ പറ്റിയുള്ള വിവരങ്ങൾ ഫാത്തിമയുടെ ഫോണിൽ നിന്ന് ബന്ധുക്കൾക്ക് ലഭിച്ചിരുന്നു.