കൊല്ലം:അഞ്ചലിൽ യുവതി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് സൂരജിന്‍റേയും പാമ്പ് പിടിത്തക്കാരന്‍ സുരേഷിന്‍റേയും അറസ്റ്റ് രേഖപ്പെടുത്തി. സ്വത്ത് സ്വന്തമാക്കി മറ്റൊരു വിവാഹം കഴിക്കാമെന്ന കണക്കുകൂട്ടലാണ് കൊലപാതകത്തില്‍ കലാശിച്ചത്. മൂന്ന് മാസം മുമ്പേ കൃത്യത്തിന് ആസൂത്രണം തുടങ്ങിയിരുന്നു. ഇന്‍റര്‍നെറ്റില്‍ ഉള്‍പ്പെടെ ഇയാള്‍ കൊല നടത്താനുള്ള മാര്‍ഗങ്ങള്‍ തെരഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. ഏറം സ്വദേശിയായ ഉത്രയെ അണലിയെ കൊണ്ടും മൂര്‍ഖനെ കൊണ്ടും കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതായി തെളിഞ്ഞു. ആദ്യ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് സൂരജ് വീണ്ടും പാമ്പിനെ വാങ്ങി. പാമ്പ് പിടിത്തക്കാരനും കൊലപാതകത്തെ കുറിച്ച് അറിവുണ്ടായിരുന്നു.
ഉത്രയെ കൊന്നത് മറ്റൊരു വിവാഹം കഴിക്കാന്‍; ഭര്‍ത്താവും സഹായിയും അറസ്റ്റില്‍ - അഞ്ചലിൽ ഉത്ര പാമ്പു കടിയേറ്റ് മരിച്ച
നൂതന രീതിയില്‍ കൊലപാതകം നടത്താന്‍ ഇന്‍റര്‍നെറ്റിലും സൂരജ് മാര്‍ഗങ്ങള്‍ തെരഞ്ഞു. ഒടുവിലാണ് പാമ്പിനെ കൊണ്ട് കൊല്ലിക്കാനുള്ള വഴി സ്വീകരിച്ചത്
ഉത്രയുടെ കുടുംബത്തിന്‍റെ പരാതിയിലാണ് ഭർത്താവ് സൂരജിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്. സൂരജിനൊപ്പം നാലുപേരെ കൂടി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തിരുന്നു.
കഴിഞ്ഞ ഏഴിനാണ് ഉത്രയെ ഏറത്തെ വീട്ടിലെ കിടപ്പുമുറിയിൽ പാമ്പുകടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിക്കുള്ളിൽ നിന്നും പാമ്പിനെ കണ്ടെത്തുകയും തല്ലിക്കൊല്ലുകയും ചെയ്തിരുന്നു. എന്നാൽ മാർച്ചിൽ അടൂരിലെ ഭർതൃഗൃഹത്തിൽ വച്ചും ഉത്രയ്ക്ക് പാമ്പുകടിയേറ്റ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെനിന്നും സ്വന്തം വീട്ടിൽ മടങ്ങിയെത്തി ചികിത്സ തുടരുന്നതിനിടെയാണ് വീണ്ടും പാമ്പുകടിയേറ്റ് മരണം സംഭവിക്കുന്നത്. പാമ്പുകടിയേറ്റിട്ടും ഒപ്പം കിടന്നിരുന്ന ഭർത്താവ് അറിഞ്ഞിരുന്നില്ലെന്നതും ശീതീകരിച്ച മുറിയുടെ ജനൽ തുറന്നിട്ടിരുന്നു എന്ന മൊഴിയും സംശയത്തിനിടയാക്കി. ഈ സംശയം പരാതിയായി പൊലീസിന് മുന്നിലെത്തിയതോടെയാണ് സംസ്ഥാനത്തെ തന്നെ അപൂര്‍വ കൊലപാതകത്തിന്‍റെ സത്യം പുറത്തറിയുന്നത്. സംഭവത്തില്‍ സൂരജിന്‍റെ കുടുംബത്തിന് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കും.