കൊല്ലം:കെ കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ക്ലിഫ് ഹൗസിൽ നിർമിച്ച കുളത്തിൽ പട്ടിയെ കുളിപ്പിക്കുമെന്ന് പറഞ്ഞവർ ഇപ്പോൾ അത് തന്നെയാണോ ചെയ്യുന്നത് എന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. ബിൽഡിങ് ആന്‍റ് റോഡ് വർക്കേഴ്‌സ് ഫെഡറേഷൻ (INTUC) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലത്ത് നിർമാണ തൊഴിലാളികൾ നടത്തിയ പട്ടിണി സമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായിയും കൂട്ടരും തൊഴിലാളികളെ മറന്ന് മുതലാളിമാരുടെയും കോർപറേറ്റുകളുടെയും ഏജന്‍റുമാരായി അധഃപതിച്ചിരിക്കുകയാണ്.
ക്ഷേമനിധി ബോർഡുകൾ എല്ലാം തകർക്കപ്പെട്ടു. രണ്ട് വർഷമായി ആനുകൂല്യങ്ങൾ നല്‍കുന്നില്ല. ഏഴ് മാസമായി പെൻഷൻ നിലച്ചു. ക്ഷേമനിധി ബോർഡിൽ നിന്നും 1500 കോടിയിൽപരം രൂപ സർക്കാർ വായ്‌പ എടുത്തത് ഉടൻ തിരിച്ചു നല്‌കി കുടിശിക തീർത്ത് ആനുകൂല്യങ്ങൾ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.