കൊല്ലത്ത് മഴയിൽ വീട് തകർന്നു; വീട്ടുകാർ പുറത്തിറങ്ങിയതിനാല്‍ വൻ ദുരന്തം ഒഴിവായി - House collapses
വാളത്തുങ്കൽ ചിറവയൽ വീട്ടിൽ അബ്ദുൾ ലത്തീഫിന്‍റെ വീടാണ് ശക്തമായി പെയ്ത മഴയില്‍ തകര്‍ന്നത്. വീട്ടിലുണ്ടായിരുന്നവർ പുറത്തേക്ക് ഇറങ്ങിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

കൊല്ലം:കൊല്ലത്ത് മഴയിൽ വീട് തകർന്നു. വാളത്തുങ്കൽ ചിറവയൽ വീട്ടിൽ അബ്ദുൾ ലത്തീഫിന്‍റെ വീടാണ് ശക്തമായി പെയ്ത മഴയില്‍ തകര്‍ന്നത്. അബ്ദുൾ ലത്തീഫും, ഭാര്യ ബീമയും, മകൻ സുധീറും, മരുമകൾ മുബീനയും, 6 വയസും 4 വയസ്സും പ്രായമുള്ള 2 കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. വീടിനുമുകളിൽ നിന്നും ഓടുകൾ ഇളകി താഴേക്ക് വീഴുന്നത് കണ്ട സുധീർ പുറത്തേക്ക് ഇറങ്ങുകയും വീടിനുള്ളിൽ നിന്നും എല്ലാവരെയും വിളിച്ച് പുറത്തിറക്കുകയുമായിരുന്നു. ഉടൻ തന്നെ വലിയ ശബ്ദത്തോടെ, വീടിന് പുറകുവശവും പിന്നാലെ വീടിനു മുൻവശവും തകർന്നു വീണു. വീട്ടിലുണ്ടായിരുന്നവർ പുറത്തേക്ക് ഇറങ്ങിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഗൃഹോപകരണങ്ങൾ പൂര്‍ണ്ണമായും നശിച്ചു. ഓടിട്ട മേൽക്കൂരയും ഭിത്തികളും തകർന്നതോടെ വീട് താമസ യോഗ്യമല്ലാതായി. ക്യാൻസർ ബാധിതനാണ് അബ്ദുൾ ലത്തീഫ്.