കൊല്ലം: ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചവരും എന്നാല്‍ രോഗ ലക്ഷണം പ്രകടിപ്പിക്കാത്തവരുമായ രോഗബാധിതരെ അവരവരുടെ വീടുകളില്‍ തന്നെ താമസിപ്പിച്ച് ചികിത്സ നല്‍കാൻ ആവശ്യമായ മാർഗ നിർദേശങ്ങൾ ജില്ല കലക്ടർ പുറത്തിറക്കി. രോഗ ബാധിതരെ വീടുകളില്‍ തന്നെ താമസിപ്പിച്ച് ചികിത്സ നല്‍കാൻ കഴിയുമോ എന്ന് തീരുമാനിക്കുന്നത് അതത് പ്രദേശത്ത് അധികാര പരിധിയുള്ള ആരോഗ്യ വകുപ്പിന്‍റെ മെഡിക്കല്‍ ഓഫീസറുടെ പദവിയില്‍ താഴെയല്ലാത്ത ഉദ്യോഗസ്ഥരായിരിക്കണം. കൊവിഡ് സ്ഥിരീകരിക്കുന്നത് ആരോഗ്യ വകുപ്പ് അംഗീകരിച്ച രീതിയിലുള്ള ഏതെങ്കിലും അംഗീകൃത പരിശോധനാ മാര്‍ഗത്തിലായിരിക്കണം. രോഗ ബാധയുള്ളയാള്‍ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നയാള്‍ ആയിരിക്കരുത്. ഗൃഹ ചികിത്സ സ്വീകരിക്കുന്നയാള്‍ മറ്റേതെങ്കിലും ഗുരുതരമായ രോഗബാധയുള്ളയാളായിരിക്കരുത്. ഗര്‍ഭിണികള്‍, നവജാത ശിശുക്കള്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്കും 12 വയസിന് താഴെയുള്ള കുട്ടികൾക്കും 60 വയസിന് മുകളില്‍ പ്രായമുള്ളവർക്കും ഗൃഹ ചികിത്സ സ്വീകരിക്കാൻ അനുവദിക്കുന്നതല്ല. എന്നാല്‍ 12 വയസിന് താഴെയുള്ള ഒരു കുട്ടിയുടെ കൂടെ മാതാപിതാക്കളോ രക്ഷകര്‍ത്താവോ കൂടി റൂം ഐസൊലേഷനില്‍ പോകാന്‍ തയ്യാറാണെങ്കില്‍ അത് അംഗീകരിച്ച് മൂന്നാമതൊരാള്‍ക്ക് പരിപാലന ചുമതല നല്‍കാവുന്നതാണ്.
ബുദ്ധിമാന്ദ്യവും മറ്റ് മാനസിക പ്രശ്‌നമുള്ളവരും ഗൃഹ ചികിത്സക്ക് വിധേയരാകാൻ പാടില്ല. കൊവിഡ് രോധ ബാധിതര്‍ക്ക് ഗൃഹ ചികിത്സ, സുരക്ഷിത സാഹചര്യത്തില്‍ കഴിഞ്ഞ് സ്വീകരിക്കാന്‍ തക്കവണ്ണം ശുചിമുറിയും മതിയായ വെന്റിലേഷന്‍ സൗകര്യവുമുള്ള പ്രത്യേക മുറി വീട്ടില്‍ തന്നെ ഉണ്ടായിരിക്കണം. പ്രായമായവരോ മറ്റ് അസുഖങ്ങള്‍ക്ക് ചികിത്സയിലിരിക്കുന്നവരോ വീട്ടില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് കഴിയാന്‍ പ്രത്യേകമായ താമസ സൗകര്യങ്ങള്‍ അതത് വീടുകളില്‍ ഉണ്ടായിരിക്കണം. റൂം ഐസൊലേഷനില്‍ കഴിയുന്ന രോഗികള്‍ക്ക് ഭക്ഷണം/മരുന്ന് എന്നിവ നല്‍കുന്നതിനായി മൂന്നാമതൊരാളെ അതേ കുടുംബത്തില്‍ നിന്നും തന്നെ നിശ്ചയിക്കാം. എന്നാല്‍ സമ്പര്‍ക്കം വഴി രോഗ ബാധിതരാകാതിരിക്കാന്‍ ഇദ്ദേഹം ട്രിപ്പിള്‍ ലെയര്‍ മാസ്‌ക്, ഗ്ലൗസ് എന്നിവ ഉപയോഗിച്ച് എല്ലാ മുൻ കരുതലുകളും സ്വീകരിച്ചിരിക്കണം.