കൊല്ലം : കാരിക്കുഴിയിൽ പൊലീസിന് നേരെ വടിവാൾ വീശിയ ശേഷം രക്ഷപ്പെട്ട പ്രതികളെ കുണ്ടറ പൊലീസ് അതിസാഹസികമായി പിടികൂടി. ആലപ്പുഴ സ്വദേശി ലിബിൻ വർഗീസിനെ തട്ടിക്കൊണ്ട് പോയി മോചന ദ്രവ്യം ആവശ്യപ്പെട്ട കേസിലെ പ്രതികളായ പേരയം ആന്‍റണി ദാസ്, ലിയോ പ്ലാസിഡ് എന്നിവരെയാണ് പൊലീസ് ഒളിസങ്കേതത്തിൽ നിന്നും പിടികൂടിയത്. ഇവിടെയും പ്രതികള്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പ്രതികളെ കീഴ്‌പ്പെടുത്തി.
കുപ്രസിദ്ധ ഗുണ്ട പടപ്പക്കര സ്വദേശി ചെങ്കീരി ഷൈജുവിന്‍റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ. പൊലീസ് ചെങ്കീരി ഷൈജു താമസിക്കുന്ന വീട്ടിൽ എത്തി പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, ഈ വീടിനോട് ചേർന്ന് മറ്റൊരു വീട് പൂട്ടി കിടക്കുന്നത് പൊലീസിന്‍റെ ശ്രദ്ധയിൽപ്പെടുകയും, ഇതിന്‍റെ താക്കോൽ ആവശ്യപ്പെട്ടപ്പോൾ ചെങ്കീരി ഷൈജു നൽകുവാന്‍ തയ്യാറായില്ല.