കൊല്ലം: രോഗിയായ ഭർത്താവിനെ ആശുപത്രിയിലെത്തിക്കാന്‍ സഹായം ലഭിച്ചത് മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്ന് . ഭര്‍ത്താവ് പ്രസന്നദാസിന് ഡയാലിസിസിന് ആശുപത്രിയില്‍ പോകാന്‍ വാഹനം കിട്ടുന്നില്ല, സഹായിക്കണം എന്ന സുലോചനയുടെ ഫോണ്‍ സന്ദേശം ലഭിച്ചത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കായിരുന്നു.ഉടന്‍ തന്നെ ക്ലിഫ് ഹൗസില്‍ നിന്നും നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലേക്ക് സഹായമെത്തിക്കാനുള്ള നിര്‍ദേശമെത്തി. തുടര്‍ന്ന് കോസ്റ്റല്‍ പൊലീസ് സംഘം ആംബുലന്‍സുമായി വീട്ടിലെത്തി പ്രസന്നദാസിനെയും ഭാര്യ സുലോചനയേയും കൂട്ടി ജില്ലാ ആശുപത്രിയിലേക്ക് പുറപ്പെട്ടു. ഡയാലിസിസ് പൂര്‍ത്തിയാക്കി തിരികെ വീട്ടിലെത്തിക്കുമ്പോള്‍ പൊലീസിന്‍റെ വക ഒരു ഉറപ്പുകൂടി, അടുത്ത ഡയാലിസിസിനും ആംബുലന്‍സ് എത്തും.
ആശുപത്രിയിലെത്താന്‍ വാഹനം കിട്ടിയില്ല; പ്രസന്നദാസിന് സഹായം മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്ന്
അടുത്ത ഡയാലിസിസിനും ആംബുലന്‍സ് എത്തും എന്ന് ഉറപ്പ് നല്‍കിയാണ് നീണ്ടകര കോസ്റ്റല്‍ പൊലീസ് സംഘം മടങ്ങിയത്
കൂലിപ്പണിക്കാരനായ മയ്യനാട് വലിയവിള പി.എസ്.മന്ദിരത്തില്‍ പ്രസന്നദാസിന് ആഴ്‌ചയില്‍ മൂന്ന് തവണ ഡയാലിസിസ് ചെയ്യണം. സ്വകാര്യ ബസിലാണ് ഇത്രയും നാള്‍ ആശുപത്രിയിലെത്തിയിരുന്നത്. എന്നാല്‍ ലോക് ഡൗണ്‍ ആയതോടെ എത്തിപ്പെടാന്‍ മാര്‍ഗമില്ലാതായി. സുഹൃത്തിന്‍റെ ബൈക്കില്‍ കയറി ആശുപത്രിയിലെത്തിയെങ്കിലും ഡയാലിസിസ് കഴിഞ്ഞ് മടങ്ങും വഴി ദേഹാസ്വാസ്ഥ്യം വന്നതോടെ ആ ശ്രമവും ഉപേക്ഷിച്ചു. ഇതേ തുടര്‍ന്നാണ് സുഹൃത്തിന്‍റെ കയ്യില്‍ നിന്നും ലഭിച്ച നമ്പറില്‍ സുലോചന മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വിളിച്ച് സഹായം അഭ്യര്‍ഥിച്ചത്. പിന്നീട് വളരെ പെട്ടെന്നായിരുന്നു നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും സഹായം ലഭിച്ചത്. സിറ്റി പൊലീസ് കമ്മീഷണര്‍ ടി.നാരായണന്‍, കോസ്റ്റല്‍ സിഐ എസ്.ഷെരീഫ്, എസ്ഐ എം.സി.പ്രശാന്തന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഈ പ്രവര്‍ത്തനം ഏറ്റെടുത്തത്.