കൊല്ലം: ട്രെയിൻ യാത്രക്കിടെ ചികിത്സ കിട്ടാതെ മുൻ ദേശീയ ജൂനിയർ ഹോക്കി ടീം താരം മനു മരിച്ച സംഭവത്തിൽ ആരോപണവുമായി ബന്ധുക്കൾ. ചികിത്സാ സൗകര്യം ഏർപ്പെടുത്താൻ റെയിൽവെ അധികൃതർ തയ്യാറായില്ലെന്നാണ് പരാതി. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മനു മരിച്ചത്. റെയിൽവെയുടെ അനാസ്ഥക്കെതിരെ നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് ബന്ധുക്കൾ.
മുന്‍ ഹോക്കി താരത്തിന്‍റെ മരണം; നിയമ നടപടികളുമായി കുടുംബം - hockey
ടി.ടി.ആറിനെ വിവരം അറിയിച്ചെങ്കിലും ചികിത്സാ സൗകര്യം ഏർപ്പെടുത്തിയില്ല
യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട മനുവിന്‍റെ അവസ്ഥ മോശമായപ്പോൾ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിതിൻ ടി.ടി.ആറിനെ വിവരം അറിയിച്ചെങ്കിലും ചികിത്സാ സൗകര്യം ഏർപ്പെടുത്തിയില്ല. ട്രെയിൻ വിരുദാചലം സ്റ്റേഷനിൽ എത്തിയ ശേഷം അര മണിക്കൂർ കഴിഞ്ഞ് സ്വകാര്യ ആംബുലൻസ് വിളിച്ചാണ് ആശുപത്രിയിൽ പോയത്. എന്നാൽ അപ്പോഴേക്കും മനു മരിച്ചിരുന്നു.
തന്‍റെ മകന്‍റെ അവസ്‌ഥ മറ്റാർക്കും ഉണ്ടാകരുത് എന്നാണ് തങ്ങളുടെ ആഗ്രഹമെന്നും അതിനുള്ള നിയമനടപടികൾക്ക് ഒരുങ്ങുകയാണെന്നും മനുവിന്‍റെ രക്ഷിതാക്കൾ പറഞ്ഞു. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിൽ ഫിസിക്കൽ എജ്യൂക്കേഷൻ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്നു മനു. കുടുംബത്തിന്‍റെ ആകെയുള്ള പ്രതീക്ഷയായിരുന്നു മനു. സ്‌പോർട്‌സിനൊപ്പം പഠനത്തിലും മികവ് പുലർത്തിയ മനുവിന്‍റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടലിലാണ് അമ്മ രോഹിണിയും അച്ഛൻ മധുവും.