കൊല്ലം: ലോക്ക് ഡൗണ്‍ കാലത്ത് മാലിന്യ സംസ്‌കരണ ചലഞ്ചുമായി ഹരിതകേരളം മിഷന്‍. 'ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട്' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ചലഞ്ച് പ്രഖ്യാപിച്ചത്. പകര്‍ച്ചവ്യാധികള്‍ വീടുകളില്‍ നിന്ന് പടരാനുള്ള സാഹചര്യം ഒഴിവാക്കുന്നതിന് ഓരോരുത്തരും പാലിക്കേണ്ടവ ഉള്‍പ്പെടുത്തിയാണ് ഹരിതകേരളം മിഷന്‍റെ സംരഭം.
മാലിന്യ സംസ്‌കരണ ചലഞ്ചുമായി ഹരിതകേരളം മിഷന്‍ - haritha keralam challenge
വീട്ടിലെ മാലിന്യ സംസ്‌കരണത്തിലെ മികവ് എത്രത്തോളമാണെന്ന് സ്വയം വിലയിരുത്തി ഗ്രേഡ് ചെയ്യാം

മാലിന്യങ്ങളുടെ അളവ് പരമാവധി കുറക്കുക, മാലിന്യങ്ങള്‍ തരംതിരിക്കുക, അഴുകുന്ന മാലിന്യങ്ങള്‍ വീട്ടില്‍ തന്നെ കമ്പോസ്റ്റായോ മറ്റു വിധത്തിലോ സംസ്‌കരിക്കുക, അഴുകാത്തവ തരംതിരിച്ച് പ്രത്യേകം സൂക്ഷിക്കുക, അവ തദ്ദേശ സ്വയംഭരണ സ്ഥാപനം ഏര്‍പ്പാടാക്കിയിട്ടുള്ള ശേഖരണ കേന്ദ്രങ്ങളില്‍ എത്തിക്കുകയോ ഹരിതകര്‍മ്മ സേനക്ക് കൈമാറുകയോ ചെയ്യുക, കൊതുകു നശീകരണം ലക്ഷ്യമിട്ട് വെള്ളംകെട്ടി നില്‍ക്കുന്നത് ഒഴിവാക്കുക, എലികള്‍ പെരുകുന്ന സാഹചര്യം ഒഴിവാക്കുക തുടങ്ങിയവയാണ് ചലഞ്ചില്‍ മുഖ്യമായും ഏറ്റെടുക്കേണ്ടത്.
ചലഞ്ച് ഏറ്റെടുക്കുന്നവരുടെ വീടുകളില്‍ മാലിന്യ സംസ്‌കരണത്തിന്‍റെ മികവ് എത്രത്തോളമാണെന്ന് സ്വയം വിലയിരുത്തി ഗ്രേഡ് ചെയ്യാം. മികവിന്‍റെ അടിസ്ഥാനത്തില്‍ ഫൈവ് സ്റ്റാര്‍ വരെ ലഭിക്കാം. ഈ മാസം 30 വരെ നീണ്ടുനില്‍ക്കുന്ന ചലഞ്ചില്‍ ഇന്നു മുതല്‍ പങ്കാളികളായി വീടുകളിലെ മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാം. ഗ്രേഡ് ചെയ്യേണ്ട മാനദണ്ഡങ്ങള്‍ 25ന് ഹരിതകേരളം മിഷന്‍ പ്രഖ്യാപിക്കും.