കൊല്ലം: നാലാം തരം തുല്യതാ പരീക്ഷയിൽ ഒന്നാം ക്ലാസ് ജയം നേടി ഭാഗീരഥിയമ്മ. കേരളാ സാക്ഷരതാ മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തിയ തുല്യതാ പരീക്ഷയിൽ 74.5% മാർക്ക് നേടിയാണ് 105 വയസുകാരി കെ. ഭാഗീരഥിയമ്മയുടെ വിജയം. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കൂടിയ വിദ്യാർഥിയാണ് ഭാഗീരഥിയമ്മ.
പ്രായത്തെ തോല്‍പിച്ച് ഭാഗീരഥിയമ്മ; തുല്യതാ പരീക്ഷയില്‍ മിന്നും ജയം - ഭാഗീരഥിയമ്മ നാലാം തരം
ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ പഠിതാവായ ഭാഗീരഥിയമ്മ നാലാം തരം തുല്യതാ പരീക്ഷയിൽ ഉന്നത വിജയമാണ് നേടിയത്
കൊല്ലം ജില്ലയിലെ തൃക്കരുവായിൽ ഇളയ മകൾ തങ്കമണിക്ക് ഒപ്പമാണ് ഭാഗീരഥിയമ്മയുടെ താമസം. തന്‍റെ ഒമ്പതാം വയസിൽ പ്രാക്കുളം സർക്കാർ സ്‌കൂളിലെ മൂന്നാം ക്ലാസ്സിൽ എത്തിയതായി ഭാഗീരഥിയമ്മക്ക് ഓർമ്മയുണ്ട്. എന്നാൽ ഇളയ സഹോദരങ്ങളെ നോക്കി വളർത്തേണ്ട ബാധ്യതയാൽ മൂന്നാം ക്ലാസ് തുടക്കത്തിലെ പഠനം നിർത്തേണ്ടതായി വന്നു.
പിന്നീട് കേരളത്തിന്‍റെ സമ്പൂര്‍ണ സാക്ഷരതാ യജ്ഞവേളയിൽ തന്‍റെ അയൽക്കാരിയും ഉറ്റ സ്നേഹിതയുമായ ശാരദ ടീച്ചറുടെ മകൾ സാക്ഷരതാ മാസ്റ്റർ ട്രെയ്‌നര്‍ എസ്.എൻ. ഷെർളിയും സാക്ഷരതാ കീ - റിസോഴ്‌സ് പേഴ്‌സണും ഷെർളിയുടെ ഭർത്താവുമായ കെ.ബി വസന്തകുമാറും ഭാഗീരഥിയമ്മയെ അക്ഷരങ്ങളുടെ ലോകത്തേക്ക് തിരികെ കൊണ്ടുവന്നു. ഇവർ തന്നെയാണ് ഇപ്പോൾ നാലാം തരം തുല്യതാ പരീക്ഷക്ക് ഭാഗീരഥിയമ്മയെ പ്രാപ്‌തയാക്കിയത്. അക്ഷരങ്ങളെ ആത്മാവിൽ കുടിയിരുത്തുന്ന ഭാഗീരഥിയമ്മ ഇടവേളകളിലെല്ലാം എഴുതിക്കൊണ്ടേയിരിക്കുകയാണ്. പിണറായി വിജയൻ, സുരേഷ് ഗോപി, പ്രേമചന്ദ്രൻ, സുഗതകുമാരി എന്നീ പേരുകളാണ് എഴുത്തിന്‍റെ വഴിയിൽ ഏറെയും. തനിക്ക് അർഹിക്കുന്നതും ഇപ്പോൾ ഏറ്റവും അവശ്യവുമായ വാർദ്ധക്യകാല പെൻഷൻ പോലും നാളിതുവരെ ലഭിക്കാത്തതിന്‍റെ നിരാശയും ആ കണ്ണുകളിൽ കാണാം. എങ്കിലും അക്ഷരങ്ങളെയും സഹജീവികളേയും സ്നേഹിക്കുന്ന ഈ അമ്മ തന്‍റെ പ്രയാണം തുടരുകയാണ്. സംസ്ഥാന തലത്തിൽ 11,593 പേരാണ് നാലാം തരം തുല്യതാ പരീക്ഷ എഴുതിയത്. 1869 പേരെ പരീക്ഷക്കിരുത്തിയ കൊല്ലം ജില്ലയാണ് മുന്നിൽ. ചരിത്രത്തിൽ ഏറ്റവും പ്രായം ചെന്ന പഠിതാവിന്‍റെ ഉന്നത വിജയവും കൂടുതൽ പഠിതാക്കളെ പരീക്ഷക്കിരുത്തിയെന്ന നേട്ടവും കൊല്ലം ജില്ലയെ ശ്രദ്ധേയമാക്കുന്നു.