കൊല്ലം: പുനലൂരിലെ സര്‍ക്കാര്‍ പ്രകൃതിചികിത്സാകേന്ദ്രം അടച്ചുപൂട്ടലിലേക്ക്. കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ സ്ഥാപനമാണ് ഇപ്പോൾ അധികൃതരുടെ അനാസ്ഥയാൽ പൂട്ടലിന്റെ വക്കില്‍ എത്തിനിൽക്കുന്നത്. സംസ്ഥാനത്ത് സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന 3 പ്രകൃതിചികിത്സാ കേന്ദ്രങ്ങളിൽ ഒന്നാണ് പുനലൂർ താഴെക്കടവാതുക്കലിലേത്. വർക്കലയിലും ഒറ്റപ്പാലത്തുമാണ് മറ്റ് രണ്ട് ആശുപത്രികൾ.
പുനലൂർ നഗരസഭയുടെ നിയന്ത്രണത്തിലാണ് ഈ പ്രകൃതിചികിത്സാ കേന്ദ്രം. ഇവിടെ നിലവിൽ സ്ഥിരം ജീവനക്കാർ ആരുമില്ല. ഒരു ഡോക്ടർ ഉണ്ടെങ്കിലും ആഴ്ചയിൽ 3 ദിവസം മാത്രമാണ് ഇവിടെ ജോലി നിശ്ചയിച്ചിട്ടുള്ളത്. ആയുർവേദ ആശുപത്രിയിലെ ഒരു അറ്റന്‍ഡര്‍ക്ക് 2 ദിവസവും ഇവിടെ ജോലിയുണ്ട്. മുഴുവൻ സമയത്തേക്കുമായി ആശുപത്രി വികസന ഫണ്ടിൽ നിന്നും ശമ്പളം നൽകാമെന്ന വ്യവസ്ഥയിൽ ഒരു താൽക്കാലിക അറ്റന്‍ഡറെ നിയോഗിച്ചെങ്കിലും നിരവധി മാസങ്ങളായി ശമ്പളം നൽകാത്തതിനാൽ അവരും ഇപ്പോൾ ജോലിക്കെത്തുന്നില്ല. ഇതോടെ ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റി.
അധികൃതരുടെ അനാസ്ഥ ; പുനലൂര്‍ പ്രകൃതി ചികിത്സാകേന്ദ്രം പൂട്ടലിന്‍റെ വക്കില്‍ കൂടുതല്‍ വായിക്കുക....കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ മോഷണം; 1,92,000 രൂപയോളം നഷ്‌ടപ്പെട്ടു
ആശുപത്രിയുടെ പ്രവർത്തനം ഏതാണ്ട് നിലച്ച മട്ടാണ്. കാലപ്പഴക്കമുള്ള രോഗങ്ങളും ജീവിത ശൈലീ രോഗങ്ങളായ പ്രമേഹം, രക്തസമ്മർദം, അമിതവണ്ണം, തൈറോയ്ഡ് തുടങ്ങിയവയ്ക്കും മരുന്നുകളുടെ ഉപയോഗമില്ലാതെ പ്രകൃതിചികിത്സയിലൂടെ പരിഹാരം കാണുക എന്നതായിരുന്നു ഈ കേന്ദ്രത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. തുടക്കത്തിൽ മികച്ച സേവനമായിരുന്നു ഇവിടെ നിന്നും ലഭിച്ചിരുന്നത്. മറ്റ് ജില്ലകളിൽ നിന്ന് വരെ ഇവിടേക്ക് രോഗികൾ എത്തിയിരുന്നു. എന്നാൽ പിന്നീട് അധികൃതരുടെ അവഗണന നേരിടാനായിരുന്നു സ്ഥാപനത്തിന്‍റെ വിധി.
ഇപ്പോൾ ചികിത്സയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ ഇവിടെ ലഭ്യമല്ല. ലക്ഷങ്ങൾ മുടക്കി വാങ്ങിയ അത്യാധുനിക ഉപകാരണങ്ങള്‍ നശിച്ചു. കേന്ദ്രത്തിലെ പ്രധാന ചികിത്സകളിലൊന്നായ സ്റ്റീം ബാത്തിന് ഉപയോഗിക്കുന്ന സ്റ്റീം ക്യാബിന്‍ കേടായിട്ട് മാസങ്ങൾ പിന്നിട്ടു. അത് നന്നാക്കാൻ അധികൃതർ തയ്യാറായിട്ടില്ല. മികച്ച ചികിത്സ ലഭ്യമാക്കിയിരുന്ന ഈ കേന്ദ്രത്തിന്‍റെ ഇന്നത്തെ ദുരവസ്ഥക്ക് കാരണം അധികൃതരുടെ അലംഭാവമാണെന്നാണ് സമീപവാസികളടക്കം പറയുന്നത്.
ചികിത്സാകേന്ദ്രം പൂർണമായ അടച്ചുപൂട്ടലിലേക്ക് എത്തിയതോടെ പ്രതിഷേധവുമായി നഗരസഭയിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാരും രംഗത്തെത്തി. കൗൺസിലർമാർ വിഷയത്തില്‍ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട്. അടിയന്തിരമായി സൗകര്യങ്ങളും ക്രമീകരണങ്ങളും ജീവനക്കാരുടെ സേവനവും ഉറപ്പുവരുത്തി ഈ കേന്ദ്രം നിലനിര്‍ത്തണമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.