കൊല്ലം:സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനുള്ള സ്വര്‍ണ കപ്പ് കോഴിക്കോട് നിന്നും ഘോഷയാത്രയായി കൊല്ലത്തെത്തിച്ചു. ഇന്ന് (ജനുവരി 4) തുടക്കം കുറിക്കുന്ന 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റുകള്‍ കരസ്ഥമാക്കുന്ന ജില്ലയ്‌ക്ക് നല്‍കാനുള്ള സ്വര്‍ണ കപ്പിന് കൊല്ലത്ത് വന്‍ സ്വീകരണമാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം കപ്പ് നേടിയ കോഴിക്കോട് നിന്ന് ആഘോഷപൂര്‍വ്വമാണ് കപ്പ് കൊല്ലത്തെത്തിച്ചത് (Kerala State School Kalolsavam).
117.5 പവന്‍ തൂക്കം വരുന്നതാണ് കപ്പ്. ചിന്നക്കട റെസ്റ്റ് ഹൗസിന് സമീപം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ, മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി എന്നിവരുടെ നേതൃത്വത്തിൽ ഘോഷയാത്രയായാണ് ആശ്രാമം മൈതാനിയിലേക്ക് കപ്പ് എത്തിച്ചത്. തുടർന്ന് മന്ത്രിമാർ കപ്പ് ഏറ്റുവാങ്ങി. ബാൻഡ് മേളം, ശിങ്കാരിമേളം തുടങ്ങിയവയുടെ അകമ്പടിയോടുകൂടിയാണ് ഘോഷയാത്ര ആശ്രാമം മൈതാനിയിലേക്ക് പ്രവേശിച്ചത് (Kerala State School Youth Festival 2024).
ജില്ലയിൽ കുളക്കടയിലാണ് കപ്പിന് ആദ്യ സ്വീകരണം ഒരുക്കിയിരുന്നത്. തുടർന്ന് മാര്‍ത്തോമ്മ ഹൈസ്‌കൂള്‍, കൊട്ടാരക്കര പൊലീസ് സ്റ്റേഷന്‍, നെടുവത്തൂര്‍ ജങ്‌ഷന്‍, എഴുകോണ്‍, കുണ്ടറ ആറുമുറിക്കട, കുണ്ടറ ആശുപത്രി മുക്ക്, മുക്കട ജങ്ഷന്‍, ഇളംമ്പള്ളൂര്‍ ജങ്ഷന്‍, കേരളപുരം ഹൈസ്‌കൂള്‍, ശിവറാം എന്‍എസ്എസ്എച്ച്എസ്എസ് കിക്കോട്, ടികെഎംഎച്ച്എസ്എസ് കരിക്കോട്, മൂന്നാം കുറ്റി, കോയിക്കല്‍, രണ്ടാം കുറ്റി, കടപ്പാക്കട എന്നിവിടങ്ങളിലും സ്വീകരണം നൽകി. കലോത്സവത്തിന്‍റെ സമാപന ദിവസം വരെ കപ്പ് കൊല്ലം ജില്ല ട്രഷറിയിലാണ് സൂക്ഷിക്കുക.