കൊല്ലം: ആംബുലൻസ് ഡ്രൈവറാണെന്ന വ്യാജരേഖ ചമച്ച് പൊലീസിനെ കബളിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. കൊട്ടാരക്കര തലച്ചിറ സ്വദേശി അജ്‌മൽ നസീറാണ് പൊലീസ് പിടിയിലായത്. വെട്ടിക്കവല പഞ്ചായത്തിന്‍റെ ആംബുലൻസ് ഡ്രൈവർ ആണെന്ന ഐ.ഡി കാർഡ് ഉപയോഗിച്ചാണ് ഇയാൾ പൊലീസിനെ കബളിപ്പിച്ചത്.
എം സി റോഡിൽ വാഹന പരിശോധന നടത്തുന്നതിനിടെ ഞായറാഴ്‌ച രാവിലെ 11 മണിയോടെ കാറിൽ വരികയായിരുന്ന ഇയാളെ പൊലീസ് തടഞ്ഞു. തുടർന്ന് പ്രതി ഐ.ഡി കാർഡ് കാണിക്കുകയും പൊലീസ് ഇയാളെ വിട്ടയക്കുകയുമായിരുന്നു. ഐ.ഡി കാർഡിന്‍റെ ഫോട്ടോ ഫോണിൽ പകർത്തിയ പൊലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രേഖ വ്യാജമാണെന്ന് കണ്ടെത്തിയത്.