കൊല്ലം:സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് എടുത്ത വായ്‌പ തിരിച്ചടവ് മൂന്ന് മാസം വൈകിയതിനെ തുടര്‍ന്ന് വീട്ടുചുമരില്‍ ഉടമസ്ഥാവകാശം എഴുതി പിടിപ്പിച്ചു. ചവറ സ്വദേശി അഖിലിന്‍റെ വീട്ടുചുമരിലാണ് ജപ്‌തി നടപടികളിലേക്ക് പോകുമെന്ന് അറിയിച്ചുള്ള മുന്നറിയിപ്പ് എഴുതി വച്ചത്. 12 ലക്ഷത്തിലധികം രൂപയാണ് അഖിലിന്‍റെ ഭാര്യ രാഖിയുടെ പേരില്‍ ചോള ഫിനാന്‍സ് കമ്പനിയില്‍ നിന്നും വായ്‌പ എടുത്തത്.
തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ചുമരില്‍ നോട്ടിസ് പതിച്ചിരുന്നു. തുടര്‍ന്ന് ജൂണ്‍ മാസത്തിലെ വായ്‌പ അടവും മുടങ്ങിയതിനെ തുടര്‍ന്നാണ് ചുമരില്‍ എഴുതിയുള്ള മുന്നറിയിപ്പ്. സ്‌പ്രേ പെയിന്‍റ് ഉപയോഗിച്ചാണ് ചുമരില്‍ മുന്നറിയിപ്പ് എഴുതിയിരിക്കുന്നത്. കൂടാതെ വീടിന്‍റെ ഗേറ്റില്‍ നോട്ടിസും തൂക്കിയിട്ടുണ്ട്.
മെയ് മാസത്തിലെ വായ്‌പ തുക തിരിച്ച് അടക്കാത്തതിനെ തുടര്‍ന്ന് സ്ഥാപനത്തിലെ കളക്ഷന്‍ സ്റ്റാഫ് വീട്ടുകാരെ ഫോണില്‍ വിളിച്ചിരുന്നു. കൈയില്‍ പൈസയില്ലെന്നും ഇത്തവണ വായ്‌പ അടക്കാന്‍ കഴിയില്ലെന്നും അറിയിച്ചതോടെ ഇയാള്‍ ഭീഷണിപ്പെടുത്തിയെന്ന് രാഖി പറഞ്ഞു.