കൊല്ലം: കേന്ദ്ര സർക്കാർ സംസ്ഥാന ഭക്ഷ്യ സുരക്ഷ വകുപ്പിന് നൽകിയ കോടികൾ വിലവരുന്ന സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധന ലബോറട്ടറിയും അതിലെ ഉപകരണങ്ങളും എൻ.ജി.ഒ ക്വാർട്ടേഴ്‌സിൽ കിടന്ന് നശിക്കുന്നു. വാഹനം ഓടിയിട്ട് മാസങ്ങൾ കഴിഞ്ഞു. ഡീസലടിക്കാൻ ഫണ്ടില്ലെന്നതാണ് കാരണം.
ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ മൊബൈൽ ലബോറട്ടറിയെ കുറിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകൻ ഇടിവി ഭാരതിനോട് കേന്ദ്ര സർക്കാർ ഏതാനും മാസം മുൻപാണ് കേരളത്തിലെ എല്ലാ ജില്ലകൾക്കും ആധുനിക പരിശോധന യന്ത്രങ്ങൾ ഉൾപ്പെടെ ഹരിയാന രജിസ്ട്രേഷനിൽ തിരുവനന്തപുരത്ത് ഭക്ഷ്യ സുരക്ഷയ്ക്കായി പുതിയ വാഹനം നൽകിയത്. കൊല്ലം ജില്ലയ്ക്ക് നൽകിയ വാഹനം ആറ് മാസത്തോളം തിരുവനന്തപുരത്തെ ഭക്ഷ്യ സുരക്ഷ ആസ്ഥാനത്ത് കിടന്നു. പിന്നീട് കേരള രജിസ്ട്രേഷനിലേക്ക് മാറ്റി.
ആഡംബരമായിട്ടാണ് മന്ത്രി വീണ ജോർജ് ഫ്ലാഗ് ഓഫ് ചെയ്‌ത് വാഹനം ജില്ലയ്ക്ക് കൈമാറിയത്. ഒരു മാസം മാത്രമാണ് മൊബൈൽ ലാബ് ജില്ലയിൽ പരിശോധനയ്ക്കായി പര്യടനം നടത്തിയത്. ആകെ ഓടിയത് 5000 കിലോമീറ്റർ.
4,750 രൂപയുടെ ഡീസലാണ് ഒരു ദിവസത്തേക്ക് വാഹനത്തിന് വേണ്ടത്. എന്നാൽ ഫണ്ടില്ലെന്ന കാരണം പറഞ്ഞ് വാഹനം കട്ടപ്പുറത്ത് കയറ്റിയിരിക്കുകയാണ്. തിരുവനന്തപുരത്തെ ഭക്ഷ്യ സുരക്ഷയുടെ ഹെഡ് ഓഫിസിൽ നിന്നാണ് ഫണ്ട് അനുവദിക്കേണ്ടത്. കൊല്ലത്തെ ഭക്ഷ്യ സുരക്ഷ ഓഫിസിൽ നിന്നും ഡീസൽ അടിക്കാൻ പണം അനുവദിക്കണമെന്ന് കാട്ടി ആഴ്‌ചകൾ തോറും അപേക്ഷ അയ്ക്കുന്നുണ്ടെങ്കിലും ഒരു മറുപടിയും ലഭിക്കാറില്ല.
ആധുനിക രീതിയിലുള്ള കോടികൾ വിലമതിക്കുന്ന യന്ത്രങ്ങളാണ് വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇപ്പോൾ പ്രവർത്തിക്കാത്തതിനാൽ പ്രവർത്തന രഹിതമാകാൻ സാധ്യത എറെയാണെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം തന്നെ സാക്ഷ്യപ്പെടുത്തുന്നു.
പരിശോധന ഫലം ഉടൻ ലഭിക്കുന്ന സംവിധാനം: ജില്ലയിലെ ഓരോ സർക്കിളുകൾ കേന്ദ്രീകരിച്ചാണ് മൊബൈൽ ലാബിൻ്റെ പ്രവർത്തനം. ഹോട്ടലുകളുടെയും, വ്യാപാര സ്ഥാപനങ്ങളുടെയും മുന്നിലെത്തി പരിശോധന നടത്തി ഉടൻ തന്നെ പരിശോധന ഫലം ലഭിക്കുന്ന രീതിയിലാണ് മൊബൈൽ ലാബിൻ്റെ പ്രവർത്തനം. കൂടാതെ മീനുകളുടെ പരിശോധന നടത്തി ഉടൻതന്നെ പരിശോധന ഫലം ലഭിക്കുന്ന രീതിയിലുള്ള അത്യാധുനിക രീയിലുള്ള ഉപകരണങ്ങളും വാഹനത്തിലുണ്ട്. മീനുകൾ പിടികൂടിയാൽ ഇപ്പോൾ തിരുവനന്തപുരത്തോ, കൊച്ചിയിലോ അയച്ച് ദിവസങ്ങൾ കാത്തിരുന്ന ശേഷമാണ് ഫലം ലഭിക്കുക.
ഡ്രൈവർ, ലാബ് അസിസ്റ്റൻ്റ്, ഹെൽപ്പർ എന്നിവരാണ് വാഹനത്തിലെ ജീവനക്കാർ. ഫണ്ട് അനുവദിക്കുന്നത് താമസിക്കുംതോറും കോടികളുടെ വാഹനം നാഥനില്ലാത്ത അവസ്ഥയിൽ എൻ.ജി.ഒ ക്വാർട്ടേഴ്‌സിൽ കിടന്ന് നശിക്കുകയാണ്.