കൊല്ലം: കവിതകളിലൂടെ സാഗരങ്ങളെ പോലും പാടിയുണര്‍ത്തിയ മലയാളത്തിന്‍റെ പ്രിയകവി ഒ.എന്‍.വി കുറുപ്പ് വിടപറഞ്ഞിട്ട് ഇന്ന് അഞ്ച് വർഷം തികയുകയാണ്. ആരെയും ഭാവഗായകനാക്കിയ കാവ്യഗന്ധര്‍വ്വന്‍റെ വിയോഗ മേല്‍പ്പിച്ച മുറിവ് മലയാളനാടിന്‍റെ ആത്മാവിൽ നിത്യശൂന്യതയായി നിലകൊള്ളുകയാണ്. ഒരു ദിവസം ഭൂമിയെന്ന ഈ വാടക വീട് ഒഴിഞ്ഞു പോകുമ്പോള്‍ എന്‍റെ ഏറ്റവും ചൈതന്യവത്തായൊരംശം ഞാന്‍ ഇവിടെ ഉപേക്ഷിച്ചു പോകും. അതാണെന്‍റെ കവിത എന്ന് ജ്ഞാനപീഠം ഏറ്റുവാങ്ങിക്കൊണ്ട് കവി തന്നെ പറഞ്ഞിരുന്നു. ശരിയാണ്, അദ്ദേഹത്തിന്‍റെ ചൈതന്യാംശമായ കവിത എന്നും പുതിയ പ്രതീക്ഷയുടെയും സ്നേഹത്തിന്‍റെയും ഗാഥകളോതി ഏവരുടെയും ആത്മാവില്‍ മുട്ടിവിളിച്ചുകൊണ്ടേയിരിക്കുന്നു.
ഒഎൻവി വിടവാങ്ങിയിട്ട് അഞ്ച് വർഷം ഒഎന്‍വിയുടെ ബാല്യകാല സ്മരണകളില്‍ അക്ഷര വെളിച്ചം പകര്‍ന്നു നല്‍കിയ ശങ്കരമംഗലം സ്കൂളും സ്കൂള്‍ മുറ്റത്തെ നെല്ലിമരവും എന്നും പച്ചപിടിച്ചുനിന്നു. ലോകമറിഞ്ഞ മഹാകവിയായി വളര്‍ന്നപ്പോഴും പഴയ വിദ്യാലയ സ്മരണകള്‍ ഒഎന്‍ വിക്ക് മധുരമുള്ള ഓർകളായിരുന്നു. സ്കൂള്‍ മുറ്റത്തെ നെല്ലിമരത്തില്‍ നിന്ന് കൂട്ടുകാര്‍ക്കൊപ്പം നെല്ലിക്ക പറിച്ചതും സമീപത്തെ കിണറ്റില്‍നിന്ന് വെള്ളം കോരിക്കുടിച്ച് മധുരം നുണഞ്ഞതുമൊക്കെ കാവ്യശകലങ്ങളായി മലയാളിയുടെ മനസില്‍ കുടിയേറി. മഹാകവിയുടെ ഓര്‍മകളില്‍ വിതുമ്പുകയാണ് ശങ്കരമംഗലം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരും. പ്രശസ്തമായ കവിതയില്‍ ഒ എന്‍ വി പരാമര്‍ശിച്ച നെല്ലിമരം പിന്നീട് നശിച്ചു.
സ്കൂളിന്‍റെ ശതാബ്ദിയാഘോഷ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഒഎന്‍വി കുറുപ്പിനെക്കൊണ്ട് സ്കൂള്‍മുറ്റത്ത് സംഘാടകര്‍ നെല്ലിമരത്തിന്‍റെ തൈ നടീച്ചു. ഈ തൈ വളര്‍ന്നു മരമാകുമ്പോള്‍ അതില്‍നിന്നു നെല്ലിക്ക പറിച്ചെടുക്കാന്‍ താന്‍ വരുമെന്ന് വാക്കുപറഞ്ഞാണ് ഒഎന്‍വി മടങ്ങിയത്. വിദ്യാലയ തിരുമുറ്റത്ത് വീണ്ടും എത്താനുള്ള മോഹം ബാക്കിവച്ചാണ് ഒഎന്‍വി യാത്രയായത്.
1931 മേയ് 27ന് കൊല്ലം ജില്ലയിലെ ചവറയിൽ ഒ എൻ കൃഷ്ണകുറുപ്പിന്‍റെയും കെ ലക്ഷ്മിക്കുട്ടി അമ്മയുടേയും മൂന്നാമത്തെ മകനായിട്ടാണ് ഒഎൻവിയുടെ ജനനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ നിന്നും 1955-ൽ മലയാളത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. തുടർന്ന് എറണാകുളം മഹാരാജാസ് കോളജിൽ അധ്യാപകനായി. 1949-ൽ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം. നല്ല അധ്യാപകനും നല്ല കവിയും അതിലുപരി നല്ല മനുഷ്യനുമായിരുന്നു മലയാളിക്ക് ഒഎൻ വി.
ഒ.എൻ.വി കുറുപ്പ് ജനിച്ചു വളർന്നതും കൗമാരം ചെലവഴിച്ചതുമായ ചവറയിലെ 'നമ്പ്യാടിക്കൽ' വീട് ഒ.എൻ.വിയുടെ സ്മാരമായി സംരക്ഷിച്ച് വരികയാണ്. അദ്ദേഹം ഉപയോഗിച്ച ചാര് കസേരയും, കിടക്കയും മേശയുമെല്ലാം ഈ വീട്ടിൽ സംരക്ഷിക്കുകയാണ്. വീടിനോട് ചേർന്ന് ശില്പി പാവുമ്പ മനോജ് നിർമിച്ച 'അമ്മ' കാവ്യ ശില്പവുമുണ്ട്. മാതൃത്വത്തിന്‍റെ മഹനീയത വിളംബരം ചെയ്യുന്ന 'അമ്മ' എന്ന കവിതയുടെ ശില്പരൂപമാണിത്. ഒൻപതടി ഉയരത്തിലുള്ളതാണ് ഈ സിമന്‍റ് ശില്പം . മഹാകവി വിടവാങ്ങിയതിന്‍റെ അഞ്ചാം വർഷത്തിൽ ചവറയിലെ ഈ വീട്ടിൽ കുടുബാംഗങ്ങളും, ആരാധകരും, സുഹൃത്തുക്കളും ഒത്ത് ചേരും.