കൊല്ലം: പത്തനാപുരം പഴഞ്ഞിക്കടവ് തോട്ടില്‍ യുവാവിനെ കാണാതായി എന്ന സംശയത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഘം തിരച്ചില്‍ നടത്തി. പത്തനാപുരം കുണ്ടയം ആലവിള സ്വദേശി നസീബ്(24)നായാണ് തിരച്ചില്‍ നടത്തിയത്. ഞായർ രാത്രി മുതൽ നസീബിനെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കൾ പത്തനാപുരം പൊലീസിൽ പരാതി നൽകിയിരുന്നു.
നസീബിന്‍റെ ഇരുചക്ര വാഹനം പഴഞ്ഞിക്കടവ് തോടിന് സമീപം പാലത്തില്‍ കണ്ടെത്തിയതിനെ തുടർന്നാണ് പത്തനാപുരം പൊലീസും രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് സംഘവും ചേർന്ന് തോട്ടില്‍ തിരച്ചില്‍ നടത്തിയത്. വൈകിട്ട് നാല് മണിക്ക് ആരംഭിച്ച തിരച്ചില്‍ ഏഴ് മണിവരെ തുടര്‍ന്നു. പഴഞ്ഞിക്കടവ് പാലത്തില്‍ നിന്ന് കല്ലടയാറിന്‍റെ ഭാഗത്ത് വരെ തിരച്ചില്‍ നടത്തിയിരുന്നു.