കൊല്ലം: തൈകൾ നടുന്നത് ചടങ്ങായി കാണാതെ അതിനെ സംരക്ഷിക്കുക കൂടി ചെയ്യണമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. പരിസ്ഥിതി ദിനാചരണത്തിന്‍റെ കൊല്ലം ജില്ലാതല ഉദ്ഘാടനവും വൃക്ഷതൈ നടലും നിർവ്വഹിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തകർന്നു പോയ ഭൂമിയുടെ നന്‍മ വീണ്ടെടുക്കുകയും ആവാസവ്യവസ്ഥയെ പുനരുദ്ധരിക്കുകയും ചെയ്യണം. കായലുകളും, പുഴകളുമെല്ലാം ഡാമുകളിലെ ആവാസവ്യവസ്ഥയ്ക്ക് മാറ്റം വരുത്തിയിട്ടുണ്ട്. ഇതിനെല്ലാം പ്രതിവിധി പരിസ്ഥിതിയെ ശക്തമാക്കുക എന്നതാണെന്നും മന്ത്രി പറഞ്ഞു. പരിസ്ഥിതിയെ സംരക്ഷിക്കുകയെന്നതാണ് സർക്കാരിന്‍റെ ലക്ഷ്യം. ഹരിത ഇന്ധനത്തിലേക്ക് മാറാൻ 300 കോടിയാണ് കെ.എസ്.ആർ.ടി.സിക്ക് അനുവദിച്ചിട്ടുള്ളത് അതിൽ നൂറ് കോടി ഈ വർഷം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.