കൊല്ലം: കുളത്തൂപ്പുഴയിൽ മർദനത്തെ തുടർന്ന് 9 വയസുകാരന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ പിതാവ് അറസ്റ്റിൽ. കുളത്തൂപ്പുഴ തടി ഡിപ്പോയ്ക്ക് സമീപം പുറമ്പോക്കിൽ താമസിക്കുന്ന ബൈജു-രാജി ദമ്പതികളുടെ മകൻ വൈശാഖിനാണ് നവംബർ 8ന് പിതാവിന്‍റെ ക്രൂര മർദനമേറ്റത്. മർദനത്തിനു ശേഷം ഒളിവിൽ കഴിഞ്ഞു വന്ന ബൈജുവിനെ കുളത്തുപ്പുഴക്ക് സമീപത്തുനിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കുളത്തൂപ്പുഴയിൽ 9 വയസുകാരന് നേരെ പിതാവിന്‍റെ ക്രൂര മർദനം; പിതാവ് അറസ്റ്റിൽ തൊട്ടടുത്ത ആറ്റിൽ കുളിക്കാൻ പോയെന്നു പറഞ്ഞ് മദ്യപിച്ചെത്തിയ ബൈജു മകൻ വൈശാഖിനെ ഗ്യാസ് സിലിണ്ടറിന്‍റെ ട്യൂബ് കൊണ്ടും കമ്പ് കൊണ്ടും ക്രൂരമായി മർദിക്കുകയായിരുന്നു. മർദനത്തിൽ കുട്ടിയുടെ ശരീരത്തിൽ പല ഭാഗത്തും മുറിവുകൾ ഉണ്ടായി. കഞ്ചാവും മദ്യവും കഴിച്ച് വന്ന് മർദിക്കുന്നത് പതിവാണെന്ന് വൈശാഖ് പൊലീസിൽ മൊഴി നൽകി.
കുട്ടിയുടെ അമ്മ വേറൊരു വീട്ടിലാണ് താമസം. ബൈജുവിനോടൊപ്പമാണ് 6 വയസുള്ള മകളും 9 വയസുള്ള മകനും താമസിക്കുന്നത്. മർദനമേറ്റ വൈശാഖിനെ കുളത്തൂപ്പുഴ സർക്കാർ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയതിനു ശേഷം കുട്ടികളുടെ സർക്കാർ ആശ്രയകേന്ദ്രമായ മിത്ര നികേതനിലേക്ക് മാറ്റി.
ബൈജു കുട്ടികളെ സ്ഥിരമായി മർദിക്കാറുണ്ടെന്നും സർക്കാർ ആശ്രയകേന്ദ്രത്തിലേക്ക് മാറ്റണമെന്നും അയൽവാസികളും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ ബൈജുവിനെതിരെ കുളത്തുപ്പുഴ പൊലീസ് ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്തു. അറസ്റ്റ് ചെയ്‌ത ബൈജുവിനെ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് കോടതി റിമാൻഡ് ചെയ്‌തു.
Also Read: Kasargod Ragging: ഉപ്പള റാഗിങ്ങ്: 9 വിദ്യാർഥികൾക്കെതിരെ കേസ്