കൊല്ലം:രാവിലെ പത്ത് മുട്ട, അത് കഴിഞ്ഞ് 40 കിലോ തണ്ണി മത്തൻ, വെള്ളരി, പച്ചക്കായ... തീരുന്നില്ല... ദിവസേന പരുത്തി പിണ്ണാക്ക‌്, ഗോതമ്പ‌് തവിട‌്, ചോളച്ചെടി, മുതിര... ഈ മെനു കേട്ട് ഞെട്ടണ്ട... കൊല്ലം ജില്ലയിലെ പുളിയത്ത് മുക്ക് സ്വദേശി അൻവറിന്‍റെ വീട്ടിലെ പോത്തിന്‍റേതാണ് ഈ ഭക്ഷണക്രമം. ഇതിനൊപ്പം ദിവസവും മീനെണ്ണ, വൈറ്റമിൻ പൊടികൾ എന്നിവ വേറെ... ഇന്ന് ആറാം ജന്മദിനം ആഘോഷിക്കുന്ന ഊറ്റുകുഴിവേലു എന്ന പോത്താണ് കൊല്ലത്തെ താരം..
മുറ ഇനത്തില്‍ പെടുന്ന ഈ പോത്തിനെ ഒൻപത് മാസമുള്ളപ്പോൾ അൻവർ വാങ്ങുമ്പോൾ 100 കിലോ തൂക്കമുണ്ടായിരുന്നു. വളർച്ചയെത്തിയ നാടൻ പോത്തുകൾക്ക‌് 700 കിലോ മാത്രമേ സാധാരണ തൂക്കമുണ്ടാവുകയുള്ളൂ. എന്നാല്‍ ഊറ്റുകുഴി വേലുവിന് ഇപ്പോൾ 1300 കിലോയിലധികം ഭാരമുണ്ട്. 40 ലക്ഷം രൂപയാണ് വിപണി വില.. തഴവയ്ക്ക് സമീപത്തെ കുറ്റിപ്പുറം എന്ന സ്ഥലത്ത് നിന്ന് കച്ചവടത്തിനായാണ് വാങ്ങിയതെങ്കിലും വേലുവിന്‍റെ സ്വഭാവ സവിശേഷതയും, ശരീര വളർച്ചയും അൻവറിനെ ആകർഷിക്കുകയായിരുന്നു. അതോടെ സ്വന്തം വീട്ടിലെ അംഗത്തെ പോലെ പരിപാലിക്കാൻ തുടങ്ങി.
കന്നുകാലി വളർത്ത് ഉപജീവനമാക്കിയവര്‍ക്ക് താങ്ങാൻ പറ്റുന്നതല്ല ഊറ്റുകുഴിവേലുവിന്‍റെ നിത്യചെലവ്. ദിവസവും 2000 രൂപയിലധികം ചെലവുണ്ട് ഊറ്റുകുഴി വേലുവിന്. ഭക്ഷണകാര്യത്തില്‍ വേലുവിന് പ്രത്യേകതകള്‍ ഇനിയുമുണ്ട്. വർഷത്തിൽ നാല് മാസം ഇഷ്‌ട ഭക്ഷണമായ ചക്കയാണ് കഴിക്കുക. മൂന്ന് മാസത്തിൽ രണ്ടു ദിവസം ആഹാരം പൂര്‍ണമായും ഒഴിവാക്കുകയും ചെയ്യും.
1300 കിലോ.. വില 40 ലക്ഷം..ദിവസം 2000 രൂപ ചെലവ്..ഊറ്റുകുഴി വേലു ചില്ലറക്കാരനല്ല ശാന്തസ്വഭാവക്കാരനായ ഊറ്റുകുഴിവേലുവിന്‍റെ സുഹൃത്തുക്കൾ കുട്ടികളാണ്. വേലുവിന്‍റെ മുകളിൽ ഇരുന്ന് കുട്ടികള്‍ യാത്ര ചെയ്യുന്നത് കൗതുകമുള്ള കാഴ്‌ചയാണ്. നിരവധി ആരാധകരുള്ള വേലുവിന് ഫാന്‍സ് അസോസിയേഷനുമുണ്ട്. നിരവധി പേരാണ് വേലുവിനെ കാണാനെത്തുന്നത്. വേലുവിനെ വാങ്ങാനായി അന്‍വറിനെ സമീപിക്കുന്നവരുമുണ്ട്.
ആരാധകരും ഫാന്‍സ് അസോസിയേഷനും ചേര്‍ന്ന് ഇന്ന് വൈകുന്നേരം നടത്തുന്ന ജന്മദിനാഘോഷത്തില്‍ പങ്കെടുക്കുന്നവരും ചില്ലറകാരല്ല. മന്ത്രി കെ രാജു, എൻ കെ പ്രേമചന്ദ്രൻ എം പി, എം നൗഷാദ് എം എൽ എ, മേയർ പ്രസന്ന ഏണസ്റ്റ് തുടങ്ങിയവരും സാമൂഹിക സാംസ്‌കാരിക മേഖലയിലെ നിരവധി പേരും ഇന്ന് നടക്കുന്ന ആഘോഷത്തില്‍ പങ്കെടുക്കും.