കൊല്ലം: ടൗട്ടെ ചുഴലിക്കാറ്റിൽ മുംബൈയിൽ നിയന്ത്രണം വിട്ട ബാർജ് എണ്ണ കപ്പലിൽ ഇടിച്ച് മുങ്ങി കാണാതായ കൊല്ലം ശക്തികുളങ്ങര സ്വദേശി ആൻ്റണി എഡ്വിനെ കാത്ത് പ്രാർഥനയും കണ്ണീരുമായി ആൻ്റണിയുടെ കുടുംബം. കൊല്ലം ശക്തികുളങ്ങര പുത്തൻതുരുത്ത് ഡാനി ഡെയ്‌ലിലെ 27 വയസുള്ള ആൻ്റണി എഡ്വിനെ ആണ് കാണാതായത്. നാല് വർഷമായി മുംബൈയിൽ ജോലി ചെയ്യുന്ന ആൻ്റണി രണ്ട് വർഷമായി ആഫ് കോൺ കമ്പനിയിലെ ജീവനക്കാരനാണ്. ബാർജ് അപകടത്തിൽപ്പെട്ട ശേഷം ആൻ്റണിയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. കമ്പനി അധികൃതർ യാതൊരു വിവരങ്ങളും ബന്ധുക്കൾക്ക് നൽകിയിട്ടുമില്ല.
ബാർജ് അപകടത്തിൽ കാണാതായ മലയാളിയെ കാത്ത് കുടുംബം Also Read:സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്നാണ് അവസാനമായി കിട്ടിയ വിവരം. മത്സ്യതൊഴിലാളിയായ എഡ്വിൻ്റെയും, വിമലയുടെയും മകനാണ് ആൻ്റണി. പുതിയ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ച ശേഷം ആൻ്റണി വീട്ടിൽ വന്നിട്ട് രണ്ട് വർഷമായി. കഴിഞ്ഞ പതിനേഴാം തീയതിയാണ് ആൻ്റണി അവസാനമായി വീട്ടിലേക്ക് ഫോണിൽ വിളിച്ചത്. അന്ന് മാതാപിതാക്കളുടെ വിവാഹ വാർഷികമായിരുന്നു. ആശംസകൾ നേരാനാണ് വിളിച്ചത്. കടൽ പ്രക്ഷുബ്‌ദമാണെന്നും ബാർജിലുള്ള മറ്റ് സഹപ്രവർത്തകരും സുരക്ഷിതരാണെന്നും പിതാവിനോട് പറഞ്ഞിരുന്നു. പിന്നീട് ആൻ്റണിയെ കുറിച്ച് യാതൊരു വിവരവും ബന്ധുക്കൾക്കോ, ജില്ല ഭരണകൂടത്തിനോ ലഭിച്ചിട്ടില്ല.
Also Read:മുംബൈ ബാർജ് അപകടം; ഒരു മലയാളിയെക്കൂടി തിരിച്ചറിഞ്ഞു
എൻ.കെ. പ്രേമചന്ദ്രൻ എം.പി ,എം.എൽ.എ സുജിത് വിജയൻ എന്നിവർ ആന്‍റണിയുടെ വീട്ടിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. അധികൃതരുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ സ്വീകരിച്ച് വരികയാണെന്ന് ഇരുവരും അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു.