കൊല്ലം: ഇൻവർട്ടഡ് ആർട്ട് ചിത്രരചനയിൽ ഇരട്ട റെക്കോഡുമായി ഇരവിപുരം സ്വദേശി എസ്.കെ. സുധീപ്. വസ്തുക്കളുടെ നെഗറ്റീവ് ചിത്രങ്ങൾ വരയ്ക്കുന്ന ഇൻവർട്ടഡ് ആർട്ട് ചിത്രരചനയിൽ ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡുമാണ് സുധീപ് സ്വന്തമാക്കിയത്.
സ്വാതന്ത്ര്യ സമര സേനാനികളായ മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, ഭഗത് സിങ്, ഡോക്ടർ രാജേന്ദ്ര പ്രസാദ്, ബാല ഗംഗാധത തിലക് എന്നിവരുടെ ഇൻവെർട്ടഡ് പോട്രേറ്റുകൾ വരച്ചാണ് സുധീപ് ഇരട്ട റെക്കോഡ് സ്വന്തമാക്കിയത്.
സ്കൂൾ കാലഘട്ടത്തിൽ തന്നെ ധാരാളം പോട്രേറ്റ് ചിത്രങ്ങൾ വരച്ചിരുന്ന സുധീപ് ലോക്ക്‌ഡൗണ്‍ കാലത്തെ വിരസത മാറ്റാനായി പരീക്ഷിച്ചു തുടങ്ങിയ ചിത്രകലാ രീതിയാണ് ഇപ്പോൾ റെക്കോർഡിന്‍റെ തിളക്കത്തിലെത്തിയത്. പഠനത്തിന്‍റെ ഇടവേളകളിൽ ലഭിക്കുന്ന സമയത്താണ് സുധീപിന്‍റെ ചിത്ര രചന. ഒരു ചിത്രം പൂർത്തിയാക്കുവാൻ ഏകദേശം മൂന്നു ദിവത്തോളം വേണ്ടി വരുമെന്നാണ് സുധീപ് പറയുന്നത്.