കൊല്ലം :കൊല്ലത്ത് വീണ്ടും മനുഷ്യക്കടത്തിന് ശ്രമം. ഓസ്ട്രേലിയയിലേക്ക് ബോട്ട് മാർഗം കടക്കാൻ ശ്രമിച്ച 11 പേരെ പൊലീസ് പിടികൂടി. രണ്ട് പേർ ശ്രീലങ്കൻ സ്വദേശികളും ഒമ്പത് പേർ തമിഴ്‌നാട്ടിലെ ശ്രീലങ്കൻ അഭയാർഥി ക്യാമ്പിൽ നിന്നുള്ളവരുമാണ്.
കൂടുതൽ പേർ കൊല്ലത്ത് എത്തിയിട്ടുണ്ടെന്നാണ് സൂചന. തമിഴ്‌നാട് ക്യുബ്രാഞ്ച് സംഘം ഇവരെ ചോദ്യം ചെയ്യുകയാണ്. കാനഡയിലേക്കാണ് ബോട്ട് മാര്‍ഗം കടക്കാന്‍ ശ്രമിച്ചതെന്നും പിടിയിലായവര്‍ പറയുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ മാസം 19ന് ശ്രീലങ്കയിൽ നിന്ന് ചെന്നൈ വിമാനത്താവളം വഴി ടൂറിസ്റ്റ് വിസയിൽ എത്തിയ ശ്രീലങ്കയിലെ ട്രിങ്കോമാലി സ്വദേശികളായ ആന്‍റണി കേശവൻ, പവിത്രൻ എന്നിവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മറ്റ് ഒമ്പത് പേർ കൂടി പിടിയിലായത്. തമിഴ്‌നാട് ക്യു ബ്രാഞ്ച് സംഘം കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു അന്വേഷണം.
സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫിന്‍റെ പ്രതികരണം അന്വേഷണം ക്യുബ്രാഞ്ചുമായി സഹകരിച്ച് :മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കൊല്ലം ബീച്ച് റോഡിലെ ലോഡ്‌ജില്‍ നിന്ന് രണ്ട് ശ്രീലങ്കന്‍ സ്വദേശികളെയും ഒമ്പത് അഭയാർഥി ക്യാമ്പില്‍ നിന്നുള്ളവരെയും കണ്ടെത്തി. തമിഴ്‌നാട്ടിലെ തിരിച്ചിനാപ്പള്ളി, ചെന്നൈ, മണ്ഡപം ക്യാമ്പ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായ ഒമ്പതുപേര്‍. തമിഴ്‌നാട് ക്യു ബ്രാഞ്ച് സംഘവും കൊല്ലത്ത് എത്തി ഇവരെ ചോദ്യം ചെയ്‌തു.
ആരുടെ ബോട്ടിലാണ് ഇവർ കടക്കാൻ ശ്രമിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് കേരള പൊലീസ്. ശ്രീലങ്കയിലെ ലക്ഷ്‌മണന്‍ എന്നയാളാണ് ഇവരുടെ ഏജന്‍റെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ കൊല്ലത്തെ കൂട്ടാളികളെ കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.
Also read: മനുഷ്യക്കടത്ത് തടയാന്‍ കേന്ദ്രത്തിന്‍റെ സഹകരണത്തോടെ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് അറിയിച്ചു. ഇതിന് പിന്നില്‍ വലിയൊരു ശൃംഖലയുണ്ട്. കസ്റ്റഡിയിലുള്ളവരെ സഹായിക്കുന്നവർ കൊല്ലത്തുണ്ടെന്നും ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും കമ്മിഷണർ വ്യക്തമാക്കി.