കൊല്ലം:ഒരു മാസം നീണ്ടുനിന്ന റംസാന്‍ വ്രതശുദ്ധിയിലൂടെ നേടിയ ആത്മസംസ്‌കരണത്തിന്‍റെ പ്രഭയില്‍ ഇസ്ലാം മതവിശ്വാസികള്‍ ഇന്ന് (ഏപ്രിൽ 03) ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. റംസാന്‍ ഉപവാസത്തിന് സമാപ്‌തി കുറിച്ചുകൊണ്ട് ശവ്വാല്‍പ്പിറ കണ്ടതോടെയാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷത്തിലേക്ക് കടന്നത്. കൊല്ലത്ത് പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്ക്കാരത്തിന് വൻ തിരക്കാണ് അനുഭവപ്പെട്ടത്.
ചെറിയ പെരുന്നാള്‍ ആഘോഷനിറവിൽ കൊല്ലം ഈ ഈദുൽ ഫിത്ർ ദിനത്തിൽ അത്യുന്നതനായ അല്ലാഹുവിൽ പ്രതീക്ഷ അർപ്പിച്ചുകൊണ്ട് ക്ഷമയും ആത്മവിശ്വാസവും കൈവിടാതെ പരീക്ഷണങ്ങളെ നേരിടുകയും ലോകത്തിന് ശാന്തിയുടെയും സമാധാനത്തിന്‍റെയും സന്ദേശം കൈമാറുകയുമാണ് വിശ്വാസികളുടെ ദൗത്യമെന്ന് കൊല്ലം ബീച്ചിൽ സംഘടിപ്പിച്ച ഈദ് ഗാഹിൽ ഖുത്ബ നിർവഹിച്ചുകൊണ്ട് എം.എം. അക്ബർ പറഞ്ഞു.
വ്രതമാസത്തിന്‍റെ പരിശീലനപ്പിറ്റേന്ന് പെരുന്നാള്‍ ദിനം. അന്നേ ദിവസം ഉള്ളിൽ സന്തോഷവും മുഖത്ത് പുഞ്ചിരിയും ചുണ്ടില്‍ തക്ബീറുമായാണ് വിശ്വാസികൾ ഉണരുന്നത്. നെഞ്ച് നെഞ്ചോട് ചേര്‍ത്ത് മനുഷ്യര്‍ സ്‌നേഹപൂര്‍വം ആലിംഗനം ചെയ്യുന്ന ദിവസം. പെരുന്നാൾ നമസ്ക്കാരത്തിന് ശേഷം ഈദ് ഗാഹുകളിലും പള്ളികളിലും ഓരോ വിശ്വാസിയും ഇതിനായി സമയം കണ്ടെത്തി.
READ MORE:വ്രതശുദ്ധിയുടെ നിറവില്‍ നാടെങ്ങും ചെറിയപെരുന്നാള്‍ ആഘോഷം
ജോനകപ്പുറം വലിയ പള്ളി, ചിന്നക്കട ജുമാ മസ്‌ജിദ്, കൊല്ലൂർവിള ജുമാ മസ്‌ജിദ്,എന്നിവിടങ്ങളിൽ നമസ്ക്കാരത്തിന് വലിയ തിരക്ക് അനുഭവപ്പെട്ടു. തക്ബീര്‍ ധ്വനികളാല്‍ മുഖരിതമായിരുന്നു പള്ളികളും വീടുകളും. മൈലാഞ്ചി മൊഞ്ചില്‍ സുഗന്ധദ്രവങ്ങള്‍ പൂശി പുത്തനുടുപ്പണിഞ്ഞും ബന്ധുവീടുകള്‍ സന്ദര്‍ശിച്ചും രുചികരമായ ഭക്ഷണങ്ങള്‍ പങ്കിട്ടും ഓരോ വിശ്വാസിയും ചെറിയ പെരുന്നാള്‍ കൊണ്ടാടുകയാണ്. മതസൗഹൃതത്തിന്‍റെയും മാനവികതയുടേയും പ്രതീകമായി ഇതരമതവിശ്വാസികളും പെരുന്നാള്‍ ആഘോഷത്തില്‍ പങ്കുചേരുന്നു.