കൊല്ലം: ഇ ബുൾ ജെറ്റ് - യൂട്യൂബ് വ്ളോഗർമാരായ എബിൻ, ലിബിൻ എന്നിവരെ അറസ്റ്റ് ചെയ്‌ത മോട്ടേർ വാഹന വകുപ്പിനും പൊലീസിനുമെതിരെ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ രംഗത്ത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ബിന്ദു കൃഷ്ണ ഇ ബുൾ ജെറ്റിന് പിന്തുണ അറിയിച്ചത്.
ബിന്ദു കൃഷ്ണയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
വാഹന വകുപ്പിന്‍റെ വേട്ട അവസാനിക്കുന്നില്ല... വ്ളോഗർമാരായ അനുജന്മാർ എബിനെയും ലിബിനെയും അറസ്റ്റ് ചെയ്ത് വേട്ടയാടുന്നത് ക്രൂരതയാണ്. നിയമ ലംഘനം നടത്തിയിട്ടുണ്ടെങ്കിൽ പിഴ ചുമത്തുകയാണ് ചെയ്യേണ്ടത്. ജീവിതം മുന്നോട്ട് നയിക്കാൻ ചെറുപ്പക്കാർ പുതിയ ജീവിതമാർഗ്ഗങ്ങൾ സ്വയം കണ്ടെത്തുകയാണ്. അവർ ആരെയും ഉപദ്രവിക്കാൻ വരുന്നില്ല, ആരെയും കൊള്ളയടിക്കാൻ വരുന്നില്ല, ഒരു തട്ടിപ്പിനും നേതൃത്വം നൽകുന്നില്ല.
സ്വകാര്യ വാഹനത്തിൽ മോഡിഫിക്കേഷൻ ചെയ്തിട്ടുണ്ടെങ്കിൽ ആദ്യം നോട്ടീസ് നൽകണം. അതിന് ശേഷമാണ് നടപടികൾ സ്വീകരിക്കേണ്ടത്. വ്ളോഗർമാരായ ഇന്ന് സെലിബ്രിറ്റികളെപോലെ ആരാധകരുണ്ട്. അവരെ അറസ്റ്റ് ചെയ്താൽ സ്വാഭാവികമായും അവിടെ ജനക്കൂട്ടം ഉണ്ടാകും. അത് മനസിലാക്കി പെരുമാറാൻ പൊലീസിന് കഴിയാതെ പോയി.
ഞാൻ മനസ്സിലാക്കിയത് വച്ച് ലോക രാജ്യങ്ങൾ സന്ദർശിക്കുന്നതിന് വേണ്ടിയാണ് ഇ ബുൾ ജെറ്റ് അവരുടെ വാഹനം പുതിയ രീതിയിൽ ഇറക്കിയിരിക്കുന്നത്. മുൻപും അവർ വാഹനം മോഡിഫിക്കേഷൻ ചെയ്തിരുന്നു. അപ്പോഴെല്ലാം അനുമതി വാങ്ങിയിരുന്നു എന്നാണ് അറിയുന്നത്. ഇത്തവണ വാഹനത്തിന്‍റെ പണികൾ പൂർത്തീകരിച്ച് ഇറക്കിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. വാഹനം വീട്ടിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.