യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ കൊല്ലം :യൂത്ത് കോൺഗ്രസ്- ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. മന്ത്രി പി.രാജീവ് പങ്കെടുക്കാനെത്തിയ വ്യവസായ വകുപ്പിൻ്റെ പരിപാടി നടക്കുന്ന ചിന്നക്കടയിലെ വേദിക്ക് സമീപത്താണ് സംഘർഷമുണ്ടായത്. മന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസുകാരെ ഡിവൈഎഫ്ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചു.
പ്രതിഷേധത്തിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തുമെന്ന സൂചനയെ തുടർന്ന് പ്രദേശത്ത് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് വേദിക്ക് അമ്പത് മീറ്റര്‍ അകലെ കടയിൽ നിന്ന ഏതാനും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐക്കാര്‍ ക്രൂരമായി മർദിച്ചത്.
ഈ സമയം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കാഴ്‌ചക്കാരായി നിന്നു. മർദനത്തിൽ യൂത്ത് കോൺഗ്രസ് സെക്രട്ടറി വിഷ്‌ണു, സുനിൽ പന്തളം, ഫൈസൽ കുളപ്പാടം എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷം നടന്ന സമീപത്തെ കടകൾക്കും കേടുപാടുകൾ സംഭവിച്ചു.
സംഭവ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർക്ക് നേരെയും മാധ്യമ പ്രവർത്തകർക്ക് നേരെയും കൈയേറ്റശ്രമം നടന്നു. റിപ്പോർട്ടർ ചാനൽ ക്യാമറാമാൻ രാജേഷിന് മർദനമേറ്റു. അതേസമയം പൊലീസുകാരാണ് തങ്ങളെ കാട്ടിക്കൊടുത്തതെന്നാണ് യൂത്ത് കോൺഗ്രസിന്‍റെ ആരോപണം.