കൊല്ലം: ആശുപത്രിയില്‍ വനിത ഡോക്‌ടറെ കുത്തിക്കൊലപ്പെടുത്തിയ പ്രതി സന്ദീപ് ലഹരിക്ക് അടിമയെന്ന് പൊലീസ്. കൊല്ലം ജില്ലയിലെ എയ്‌ഡഡ് സ്‌കൂളിലെ അധ്യാപകനായിരുന്നു ഇയാൾ. ലഹരി ഉപയോഗിച്ച് സ്‌കൂളിൽ വന്ന് സ്ഥിരം പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചിരുന്നതിനാല്‍ ഇയാളെ സ്‌കൂളിൽ നിന്നും സസ്പെൻഡ് ചെയ്‌തിരിക്കുകയാണ്.
സന്ദീപ് നാട്ടുകാർക്കും ബന്ധുക്കൾക്കും സ്ഥിരം തലവേദന സൃഷ്ടിച്ചിരുന്നു എന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ദിവസവും ബന്ധുക്കളും, നാട്ടുകാരും തമ്മിൽ പ്രശ്‌നങ്ങൾ നടന്നിരുന്നു. ശേഷം ഇയാൾ തന്നെ പൊലീസിനെ വിളിച്ച് വിവരം അറിയിച്ചു. പൊലീസ് ഉടൻ എത്തണമെന്നും, തന്‍റെ കാലിൽ മുറിവേറ്റെന്നും, നടക്കാൻ കഴിയില്ലെന്നും പറഞ്ഞ് പല തവണ ഇയാൾ സ്റ്റേഷനിലേക്ക് വിളിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
തുടർന്നാണ് ഇയാളെ പൊലീസ് എത്തി ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോൾ ഇയാളെ വിലങ്ങ് അണിയിച്ചിരുന്നില്ല എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ആശുപത്രിയില്‍ എത്തിച്ചത് മുതല്‍ പ്രശ്‌നങ്ങൾ സൃഷ്‌ടിച്ച പ്രതി വൈദ്യ പരിശോധന നടത്തുന്നതിനിടെയാണ് ആക്രമണം നടത്തിയത്.
ആശുപത്രിയിലെ കത്രിക എടുത്ത് പ്രതി പൊലീസുകാരെയും ഡോക്‌ടറെയും കുത്തുകയായിരുന്നു. കൊല്ലപ്പെട്ട ഡോക്‌ടറെ നിരവധി തവണയാണ് ഇയാൾ കഴുത്തിലും നെഞ്ചിലും കുത്തിയത്. ഇതാണ് മരണ കാരണമെന്നും റിപ്പോർട്ടുണ്ട്.
ഹൈക്കോടതി പ്രത്യേക സിറ്റിങ്: കൊട്ടാരക്കരയിൽ ഡോക്‌ടറെ കുത്തിക്കൊന്ന സംഭവത്തില്‍ ഇന്ന് ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തും. ഉച്ചയ്ക്ക് 1.45 നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്‍റെ പ്രത്യേക സിറ്റിങ്.
മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി: അതേസമയം കൊല്ലപ്പെട്ട ഡോക്‌ടർ വന്ദനയുടെ മൃതശരീരം മോർച്ചറിയിലേക്ക് മാറ്റി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹ പരിശോധന അടക്കം നടത്തിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോകും.