കൊല്ലം: സംസ്ഥാനത്തെ ദേശീയപാത വികസനം 2025-ൽ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പുനർനിർമിച്ച മേവറം പീടിക മുക്ക്, ആലുംമൂട് കടമ്പാട്ട് മുക്ക് റോഡുകളുടെ ഉദ്‌ഘാടനം മേവറം പടനിലത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ദേശീയപാത വികസനം 2025ഓടെ പൂർത്തിയാക്കും: പി.എ മുഹമ്മദ് റിയാസ് - ദേശീയപാത വികസനം
റോഡ് നിർമാണത്തിൽ സുരക്ഷിതത്വവും സുതാര്യതയും ഉറപ്പുവരുത്താൻ പിഡബ്ല്യുഡി മാനുവലിലെ വ്യവസ്ഥകൾ പ്രാവർത്തികമാക്കി കർശന നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്
'ഗതാഗത സൗകര്യങ്ങൾ വികസിക്കേണ്ടതിന്‍റെ ആവശ്യകതയും വാഹനപ്പെരുപ്പവും കണക്കിലെടുത്ത് റോഡുകളുടെ സമഗ്രമായ വികസനത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. ദേശീയപാത വികസനത്തോടൊപ്പം മലയോര പാത, തീരദേശ പാത എന്നിവയുടെ വികസനത്തിനും പ്രാധാന്യം നൽകിയുള്ള നടപടികൾ മുന്നോട്ടു പോകുന്നു. റോഡ് നിർമാണത്തിൽ സുരക്ഷിതത്വവും സുതാര്യതയും ഉറപ്പുവരുത്താൻ പിഡബ്ല്യുഡി മാനുവലിലെ വ്യവസ്ഥകൾ പ്രാവർത്തികമാക്കി കർശനമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും' മന്ത്രി പറഞ്ഞു.
മയ്യനാട് പഞ്ചായത്തിനെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡുകളാണ് ആധുനിക രീതിയിൽ നവീകരിച്ചത്. 3.48 കിലോമീറ്റർ നീളത്തിലാണ് റോഡുകൾ ബിഎം ആൻഡ് ബിസി നിലവാരത്തിൽ വീതി കൂട്ടി നിർമിച്ചത്. റോഡുകളുടെ ഉദ്‌ഘാടന ചടങ്ങിൽ എം.നൗഷാദ് എംഎൽഎ അധ്യക്ഷത വഹിച്ചു. മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജെ.ഷാഹിദ, മറ്റ് തദ്ദേശഭരണ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
TAGGED:
ദേശീയപാത വികസനം