കോട്ടയം: ദേവനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. കുട്ടി അനുവാദം കൂടാതെ എങ്ങും പോകില്ലെന്നും നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും മാതാപിതാക്കൾ പറഞ്ഞു. അയൽവീട്ടിൽ പോലും പോകാത്ത കുട്ടിയായിരുന്നു ദേവനന്ദയെന്നും കുട്ടിയെ ആരോ എടുത്തുകൊണ്ടുപോയതാണെന്നും മുത്തച്ഛൻ മോഹനൻ പിള്ള ആരോപിച്ചു. വിദ്യാനികേതന്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന ദേവനന്ദയുടെ മൃതദേഹം വെള്ളിയാഴ്‌ച രാവിലെ 7.30നായിരുന്നു സമീപത്തെ ആറ്റില്‍ നിന്നും തീരദേശ പൊലീസിന്‍റെ മുങ്ങല്‍വിദഗ്‌ധര്‍ കണ്ടെടുത്തത്.
ദേവനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ
കുട്ടിയെ ആരോ എടുത്തുകൊണ്ടുപോയതാണെന്ന് മുത്തച്ഛൻ മോഹനൻ പിള്ളയുടെ ആരോപണം
വീടിന് 200 മീറ്റര്‍ അകലെ, ആറ്റില്‍ തടയണ നിര്‍മിച്ചിരിക്കുന്നതിന് സമീപത്തെ കുറ്റിക്കാടിനോട് ചേര്‍ന്ന്, കമിഴ്‌ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുങ്ങിമരണമെന്നാണ് പ്രാഥമിക നിഗമനം. കാണാതാകുമ്പോള്‍ ധരിച്ചിരുന്ന വസ്‌ത്രങ്ങളെല്ലാം മൃതദേഹത്തിലുണ്ടായിരുന്നു. പരുക്കുകളോ ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങളോ ഇന്‍ക്വസ്‌റ്റില്‍ കണ്ടെത്തിയില്ല. മുങ്ങിമരണമെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലും വ്യക്തമായത്. വയറ്റിലും ശ്വാസകോശത്തിലും വെള്ളവും ചെളിയും നിറഞ്ഞിരുന്നു. കുട്ടിയെ കാണാതായി ഒരു മണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം ലഭിച്ചിട്ടില്ല. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.