കൊല്ലം: ദേവനന്ദയുടെ മരണത്തിൽ പ്രാഥമിക കണ്ടെത്തലുമായി ഫോറൻസിക് വിദഗ്‌ധർ. വീടിന് 400 മീറ്റർ അകലെയുള്ള തടയണയ്ക്ക് സമീപത്ത് വെച്ചല്ല കുട്ടി ആറ്റിൽ അകപ്പെട്ടത് എന്ന് നിഗമനം. വീടിന് സമീപത്തുള്ള കൽപ്പടവിൽ നിന്നാകാം ആറ്റിൽ അകപ്പെട്ടത് എന്നും സംശയം. അതേസമയം കൂടുതൽ വ്യക്തതയ്ക്കായി ശിശു മനോരോഗ വിദഗ്ധരെ കൊണ്ട് സംഭവ സ്ഥലം പരിശോധിപ്പിക്കാൻ പൊലീസ് തീരുമാനിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയെ തുടർന്നാണ് പൊലീസിന്‍റെ അഭ്യർഥന പ്രകാരം ഫോറൻസിക് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തിയത്. വീടിന് 100 മീറ്റർ താഴെയുള്ള കുളിക്കടവിൽ വച്ചാകാം ദേവനന്ദ ആറ്റിലേക്ക് അകപ്പെട്ടത് എന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം മേധാവി ഡോ.കെ.ശശികലയുടെ നേതൃത്വതിലുള്ള പരിശോധനയിൽ കണ്ടെത്തിയത്. കുളിക്കടവിൽ മുങ്ങിത്താഴ്‌ന്ന കുട്ടി ആഴമേറിയ ഭാഗത്ത് എത്തിപ്പെടാം. അടിയൊഴുക്കുള്ള ഭാഗത്ത് എത്തിപ്പെട്ട മൃതദേഹം തടയണയ്ക്ക് അടിയിലൂടെ ഒഴുകി 300 മീറ്റർ അകലെ പൊങ്ങുകയായിരുന്നു എന്നാണ് നിഗമനം. കുട്ടിയുടെ വയറ്റിൽ ചെളിയുടെ അംശം കൂടുതൽ ആയിരുന്നു. തടയണയ്ക്ക് സമീപത്ത് വച്ചായിരുന്നു അപകടമുണ്ടായതെങ്കിൽ വയറ്റിൽ ചെളിയുടെ അംശം ഇത്രത്തോളം ഉണ്ടാകുമായിരുന്നില്ലെന്നും മൃതദേഹം മറ്റേതെങ്കിലും സ്ഥലത്തേ പൊങ്ങാൻ സാധ്യത ഉള്ളുവെന്നും ഫോറൻസിക് സംഘം കണ്ടെത്തി. ഇത് സംബന്ധിച്ച റിപ്പോർട്ട് ഉടൻ അന്വേഷണ സംഘത്തിന് കൈമാറും.
ദേവനന്ദയുടെ മരണം; കുട്ടി ആറ്റിൽ അകപ്പെട്ടത് വീടിന് സമീപത്ത് വച്ചെന്ന് ഫോറൻസിക് നിഗമനം
ദേവനന്ദയുടെ മരണം; കുട്ടി ആറ്റിൽ അകപ്പെട്ടത് വീടിന് സമീപത്ത് വച്ചെന്ന് ഫോറൻസിക് നിഗമനം
07:46 March 06
വീടിന് സമീപത്തുള്ള കൽപ്പടവിൽ നിന്നാകാം കുട്ടി ആറ്റിൽ അകപ്പെട്ടത് എന്നും സംശയം
Last Updated : Mar 6, 2020, 10:03 AM IST