കൊല്ലം: കഴിഞ്ഞ എട്ട് ദിവസമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ദളിത് ക്രിസ്ത്യൻ വയോധികയുടെ മൃതദേഹം മറവുചെയ്യുന്നതിൽ തീരുമാനമായി. കുന്നത്തൂർ തുരുത്തിക്കര കൊല്ലറയിൽ പത്രോസിന്‍റെ ഭാര്യ അന്നമ്മയുടെ മൃതദേഹമാണ് എട്ട് ദിവസമായി ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. നിലവിൽ ഇരു സെമിത്തേരികളും ഒഴിവാക്കി സഭ നിർദ്ദേശിക്കുന്ന മറ്റേതെങ്കിലും സെമിത്തേരിയിൽ മറവ് ചെയ്യാനാണ് ഇന്ന് ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനമായത്. തീരുമാനം ബന്ധുക്കളും ഇടവകാംഗങ്ങളും അംഗീകരിച്ചു. ഇത് പ്രകാരം ബന്ധപ്പെട്ടവരിൽ നിന്നും അനുമതി വാങ്ങി മൃതദേഹം ഉടൻ മറവ് ചെയ്യും.
ഒടുവില്‍ അന്നമ്മയ്ക്ക് അനുവദിച്ചുകിട്ടി 'ആറടി മണ്ണ്'
നിലവിൽ ഇരു സെമിത്തേരികളും ഒഴിവാക്കി സഭ നിർദ്ദേശിക്കുന്ന മറ്റേതെങ്കിലും സെമിത്തേരിയിൽ മൃതദേഹം മറവ് ചെയ്യാൻ ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനമായി.
യെരൂശലേം മാർത്തോമാ പള്ളി ഇടവക അംഗമാണ് അന്നമ്മ. യെരൂശലേം മാർത്തോമാ പള്ളി സെമിത്തേരി സമീപ പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകളെ മലിനമാക്കുന്നെന്ന് കാണിച്ച് ബിജെപി പ്രവര്‍ത്തകന്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സെമിത്തേരിയില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നത് കലക്ടര്‍ തടഞ്ഞിരുന്നു. ഈ പ്രദേശത്ത് തന്നെയുള്ള ഇമ്മാനുവേൽ പള്ളി സെമിത്തേരിയിലാണ് പിന്നീട് മൃതദേഹങ്ങള്‍ അടക്കം ചെയ്തിരുന്നത്. എന്നാൽ ഇനി അത് അനുവദിക്കാൻ കഴിയില്ല എന്നാണ് ഇമ്മാനുവല്‍ പള്ളി അധികൃതരുടെ നിലപാട്. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ എട്ട് ദിവസങ്ങളായി മൃതദേഹം അടക്കം ചെയ്യാൻ കഴിയാതെ വന്നത്.