കൊല്ലം: കൊവിഡ് കാലത്ത് വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ സേവന മികവ് നിരവധി തവണ ചർച്ച ചെയ്യപ്പെടുന്നതാണ്. എന്നാൽ കൊവിഡ് പ്രവർത്തനങ്ങളിൽ ഇടപെടുന്നുണ്ടെങ്കിലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന വിഭാഗമാണ് സിവിൽ വോളണ്ടിയർമാർ. വിവിധ കൊവിഡ് കെയർ സെന്‍ററുകളിൽ കഴിഞ്ഞ അഞ്ചു മാസത്തോളം ആയി സേവനം നടത്തുന്നവരാണ് ഈ സിവിൽ വോളണ്ടിയർമാർ. ഇതിൽ ഭൂരിഭാഗവും 20നും 25നും പ്രായപരിധിയിലുള്ള യുവാക്കളാണ്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി വോളണ്ടിയർമാരെ ആവശ്യമുണ്ടെന്ന മെസേജ് കണ്ടാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ ശരത്തും ആദിത്യ കൃഷ്ണനും ഈ വിഭാഗത്തിലേക്ക് വരുന്നത്. ഇതിലൊരാൾ ഒന്നാം വർഷ ബിരുദ വിദ്യാർഥി കൂടിയാണ്. നിരീക്ഷണ കേന്ദ്രത്തിൽ എത്തിയിട്ട് അഞ്ചു മാസം ആകുന്നു. ഇതുവരെ വീട്ടിൽ പോയിട്ടില്ല. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആവശ്യമായ എന്ത് സഹായത്തിനും ഇവരുണ്ടാകും.