കേരളം

kerala

ETV Bharat / state

ഡോ. വന്ദന ദാസിന്‍റെ കൊലപാതകം: അന്വേഷണം ആരംഭിച്ച് ക്രൈം ബ്രാഞ്ച്, പ്രതിക്ക് മാനസിക പ്രശ്‌നങ്ങൾ ഇല്ലെന്ന് പൊലീസ് - investigation in vandana das murder case

ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി എം എം ജോസിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് കേസിന്‍റെ അന്വേഷണ ചുമതല

വന്ദന ദാസ്  Murder of Vandana Das  Vandana Das  വന്ദന ദാസിന്‍റെ കൊലപാതകം  ക്രൈം ബ്രാഞ്ച്  Crime Branch  ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി എം എം ജോസ്  investigation in vandana das murder case  ഡോ വന്ദന ദാസിന്‍റെ കൊലപാതകം
ഡോ വന്ദന ദാസിന്‍റെ കൊലപാതകം

By

Published : May 12, 2023, 5:47 PM IST

കൊല്ലം:ഡോക്‌ടർ വന്ദന ദാസിന്‍റെ കൊലപാതകത്തിൽ അന്വേഷണം ആരംഭിച്ച് ക്രൈം ബ്രാഞ്ച്. കൊല്ലം റൂറൽ എസ് പി സുനിലിന്‍റെ മേൽനോട്ടത്തിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി എം എം ജോസിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് കേസിന്‍റെ അന്വേഷണ ചുമതല.

ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ഡോക്‌ടർ വന്ദന ദാസിന്‍റെ കൊലപാതകം സർക്കാർ സംവിധാനങ്ങളുടെ പരാജയം മൂലമെന്ന വിമർശനം ഉയരുന്ന പശ്ചാത്തലത്തിൽ കൂടിയാണ് അന്വേഷണം കൈമാറാൻ തീരുമാനമായത്.

അതേസമയം പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന നിഗമനത്തിലാണ് നിലവിലെ അന്വേഷണ സംഘം. മാനസിക പ്രശ്‌നമുണ്ടെന്ന് വരുത്തിത്തീർക്കാൻ പ്രതി ശ്രമിക്കുമെന്ന സൂചനയെ തുടർന്ന് പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തിയിരുന്നു. മാരക ലഹരി പദാർഥങ്ങൾ പ്രതി ഉപയോഗിച്ചിട്ടില്ല എന്നാണ് മറ്റൊരു കണ്ടെത്തൽ.

പൂജപ്പുര സെൻട്രൽ ജയിലിലെ നിരീക്ഷണ ക്യാമറ സംവിധാനമുള്ള മുറിയിൽ സന്ദീപിനെ പാർപ്പിച്ച് ഓരോ നിമിഷവും നിരീക്ഷിച്ചത് വിജയം കണ്ടുവെന്ന വിലയിരുത്തലിലാണ് പൊലീസ്. രണ്ട് രാത്രിയും ഒരു പകലും പിന്നിടുമ്പോൾ പ്രതിക്ക് മാനസിക പ്രശ്‌നങ്ങൾ ഇല്ലെന്ന നിഗമനത്തിൽ എത്തിച്ചേരാൻ ഇതോടെ അന്വേഷണ സംഘത്തിനായി.

വന്ദനയെ കുത്തി വീഴ്ത്തിയ ശേഷം ബഹളമുണ്ടാക്കിയതും ആദ്യ ദിവസം സെല്ലിനുള്ളിൽ അലറി വിളിച്ചതും മാനസിക പ്രശ്‌നം മൂലമല്ലെന്നും പൊലീസ് പറയുന്നു. അതായത് കൊലപാതകം കൃത്യമായ ബോധ്യത്തോടെ ആയിരുന്നു എന്ന ആദ്യ വാദം കൂടുതൽ ഉറപ്പിക്കുകയാണ് അന്വേഷണ സംഘം.

പ്രതി വാർഡൻമാരോട് സംസാരിക്കുകയും കുടുംബ വിവരങ്ങൾ പങ്കുവയ്ക്കുകയും ചെയ്‌തിട്ടുണ്ട്. ഈ സാഹചര്യത്തിൽ രണ്ടു ദിവസത്തിനുള്ളിൽ സന്ദീപിനെ കൗൺസിലിങ്ങിന് വിധേയനാക്കാനാണ് തീരുമാനം. പ്രതി സഹകരിക്കുമെന്ന് ഉറപ്പായാൽ ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.

ഭക്ഷണം കഴിച്ചു തുടങ്ങിയതോടെ പ്രതിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നതും അന്വേഷണ സംഘത്തിന് ആശ്വാസമാണ്. സന്ദീപ് മാരക ലഹരി പദാർഥങ്ങൾ ഉപയോഗിച്ചതായി ഒരു തെളിവും പൊലീസിന് ലഭിച്ചിട്ടില്ല. മദ്യം മാത്രമാണ് ലഹരിക്കായി പ്രതി ഉപയോഗിച്ചിരുന്നത്. മദ്യാസക്തി കുറയ്ക്കാൻ ലഹരി വിമുക്തി കേന്ദ്രത്തിൽ ചികിത്സ തേടിയതിന്‍റെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

സമരം അവസാനിപ്പിച്ച് പിജി ഡോക്‌ടർമാർ: അതേസമയം സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്‌ടര്‍മാര്‍ നടത്തി വന്ന സമരം ഭാഗികമായി പിന്‍വലിച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മണി മുതല്‍ അത്യാഹിത വിഭാഗത്തില്‍ പിജി ഡോക്‌ടര്‍മാര്‍ ജോലിക്ക് കയറും. ആരോഗ്യ മന്ത്രി വീണ ജോര്‍ജുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രതിഷേധം ഭാഗികമായി പിന്‍വലിക്കാന്‍ തീരുമാനമായത്.

അതേസമയം ചര്‍ച്ചയില്‍ ഉന്നയിച്ച ആവശ്യങ്ങൾ നടപ്പിലാക്കിയ ശേഷം മാത്രം പൂര്‍ണമായി സമരം പിന്‍വലിക്കാനാണ് ഇവരുടെ തീരുമാനം. ജോലിഭാരം കുറയ്ക്കാന്‍ നടപടി, ആഴ്‌ചയില്‍ ഒരു ദിവസം അവധി, സുരക്ഷ തുടങ്ങി പിജി ഡോക്‌ടര്‍മാര്‍ മുന്നോട്ട് വച്ച ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചിട്ടുണ്ട്.

ALSO READ:സംസ്ഥാനത്തെ പിജി ഡോക്‌ടര്‍മാരുടെ സമരം ഭാഗികമായി പിന്‍വലിച്ചു; വൈകിട്ട് ജോലിയില്‍ പ്രവേശിക്കും

ABOUT THE AUTHOR

...view details