കൊല്ലം: ഓച്ചിറ കാർത്തികവിളക്ക് തൊഴാനെത്തിയ ആയിരങ്ങളെ സാക്ഷിനിർത്തി കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷ് ഓച്ചിറ പരബ്രഹ്മ ക്ഷേത്രസന്നിധിയിൽ പഞ്ചാരിമേളത്തിൽ അരങ്ങേറ്റം കുറിച്ചു. അക്ഷരാർഥത്തിൽ പൂരപ്പറമ്പായി മാറിയ ഓച്ചിറ ക്ഷേത്രത്തിൽ വാദ്യകുലപതി മട്ടന്നൂർ ശങ്കരൻകുട്ടിമാരാരും തായമ്പക വിദഗ്‌ധൻ കണ്ടല്ലൂർ ഉണ്ണിക്കൃഷ്‌ണനും മേളപ്രമാണിമാരായപ്പോൾ ജനം ആവേശത്തിൽ മതിമറന്നു. ഇവർക്കൊപ്പം കണ്ടല്ലൂർ ഉണ്ണിക്കൃഷ്‌ണന്‍റെ മകൾ യുവജനോത്സവ വിജയി മീര ഉണ്ണിക്കൃഷ്‌ണനും അരങ്ങേറ്റം കുറിച്ചു.
പഞ്ചാരിമേളത്തിൽ അരങ്ങേറ്റം കുറിച്ച് സിആർ മഹേഷ് എംഎൽഎ; ഓച്ചിറ കാർത്തികവിളക്കിന് വാദ്യമേള പ്രൗഢി - കണ്ടല്ലൂർ ഉണ്ണിക്കൃഷ്‌ണൻ
ഓച്ചിറ ക്ഷേത്രത്തിൽ വാദ്യകുലപതി മട്ടന്നൂർ ശങ്കരൻകുട്ടിമാരാരും തായമ്പക വിദഗ്‌ധൻ കണ്ടല്ലൂർ ഉണ്ണിക്കൃഷ്‌ണനും മേളപ്രമാണിമാരായപ്പോൾ ജനം ആവേശത്തിൽ മതിമറന്നു. ഇവർക്കൊപ്പം കണ്ടല്ലൂർ ഉണ്ണിക്കൃഷ്‌ണന്‍റെ മകൾ യുവജനോത്സവ വിജയി മീര ഉണ്ണിക്കൃഷ്‌ണനും അരങ്ങേറ്റം കുറിച്ചു
കുഴൽ വിദ്വാൻ വാദ്യകലാനിധി മപ്രാണം ഷൈജു ആശാന്‍റെ നേതൃത്വത്തിൽ കുഴൽ വിദഗ്‌ദരും കലാപീഠം ഓച്ചിറ രാജീവിന്‍റെ നേതൃത്വത്തിൽ കൊമ്പ് കലാകാരന്മാരും പഞ്ചാരിയിൽ അണിചേർന്നു. മട്ടന്നൂരിന് കൂട്ടായി മക്കളായ മട്ടന്നൂർ ശ്രീരാജ്, മട്ടന്നൂർ ശ്രീകാന്ത് എന്നിവരും മേളപ്രമാണിമാരായ കലാമണ്ഡലം ഉണ്ണിക്കൃഷ്‌ണൻ, വെള്ളിനേഴി ആനന്ദ്, ചലച്ചിത്ര താരം ആദിനാട് ശശി എന്നിവരും ചെണ്ടയിൽ താളമിട്ടു.
അഞ്ച് കാലങ്ങളുള്ള പഞ്ചാരിയുടെ മൂന്ന്, നാല്, അഞ്ച് കാലങ്ങളാണ് അരങ്ങേറിയത്. നൂറോളം കലാകാരന്മാർ പങ്കെടുത്ത മേളം മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. കഴിഞ്ഞ വർഷം ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലാണ് സി ആർ മഹേഷ് എംഎൽഎ കണ്ടല്ലൂർ ഉണ്ണിക്കൃഷ്‌ണന്‍റെ ശിക്ഷണത്തിൽ തായമ്പകയിൽ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ ദിവസം മട്ടന്നൂരും സംഘവും കണ്ടല്ലൂർ ഉണ്ണികൃഷ്‌ണന്‍റെ പുതുപ്പള്ളിയിലുള്ള കളരിയിലെത്തി പഞ്ചാരിയിൽ ഒരുമിച്ച് പരിശീലനം നടത്തിയിരുന്നു.