കൊല്ലം:വിഭാഗീയതയ്‌ക്കും ചേരിതിരിവിനും നടുവിൽ സിപിഐ കൊല്ലം ജില്ല സമ്മേളനം ഇന്ന്(17.08.2022) തുടങ്ങും. കാനം പക്ഷവും കെ.ഇ ഇസ്‌മയിൽ, പ്രകാശ് ബാബു പക്ഷവും തുല്യശക്തികളായാണ് തുറന്ന പോരാട്ടം. സിപിഐയുടെ ശക്തികേന്ദ്രമായ കൊല്ലത്ത് പുതിയ ജില്ല സെക്രട്ടറി സ്ഥാനം പിടിക്കുവാൻ ഇരുപക്ഷവും കച്ചമുറുക്കുകയാണ്.
ജില്ല സെക്രട്ടറി സ്ഥാനത്ത് നിന്നും മുതിർന്ന നേതാവ് എൻ. അനിരുദ്ധനെ മാറ്റിയതോടെയാണ് കൊല്ലം ചേരിതിരിവ് സിപിഐയിലെ തുറന്ന പോരിലേക്ക് നീങ്ങിയത്. കാനം രാജേന്ദ്രൻ നേരിട്ടെത്തി കമ്മിറ്റി നിയന്ത്രിച്ചിട്ടു പോലും സംസ്ഥാന നേതൃത്വം തീരുമാനിച്ച ആർ രാജേന്ദ്രനെ ജില്ല സെക്രട്ടറിയാക്കാനാകാതെ നിരവധി തവണ പാർട്ടി യോഗങ്ങൾ തമ്മിലടിച്ച് പിരിയുകയായിരുന്നു.
ഒരു സ്ഥിരം ജില്ല സെക്രട്ടറിയെ ഇതുവരെ കണ്ടെത്താനായില്ല. വിവിധ മുതിർന്ന നേതാക്കൾക്ക് ജില്ല സെക്രട്ടറിയുടെ ചുമതല നൽകി സിപിഐ നേതൃത്വം മുന്നോട്ട് പോവുകയാണ്. ഇന്ന് ആരംഭിക്കുന്ന ജില്ല സമ്മേളനത്തിൽ പുതിയ സെക്രട്ടറിയെ കണ്ടെത്തുവാനുള്ള ചർച്ചകൾ സജീവമാകുമ്പോൾ ഇരുപക്ഷവും അണിയറയിൽ കരുനീക്കങ്ങൾ നടത്തുകയാണ്.