കൊല്ലം:കൊവിഡ് പോസിറ്റിവ് ആയ 61 കാരന് പരിശോധനാഫലവും നല്‍കി പറഞ്ഞയച്ച് ലാബ് അധികൃതര്‍. കൊല്ലത്തെ മൈക്രോ ലാബാണ് ഗുരുതര വീഴ്ച വരുത്തിയത്. പോസിറ്റീവാണെന്ന വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കുകയോ രോഗിയെ സുരക്ഷിതമായി മാറ്റാൻ വേണ്ട മാർഗങ്ങൾ സ്വീകരിക്കുകയോ ചെയ്യാതെ പരിശോധനാ ഫലം കൈമാറി പറഞ്ഞുവിടുകയായിരുന്നു. തുടര്‍ന്ന് മൈലക്കാട് സ്വദേശിയായ 61വയസുകാരന്‍ ചിന്നക്കടയിലേക്ക് തിരിക്കുകയും ചെയ്തു.
പരിശോധന നടത്തുകയായിരുന്ന പൊലീസിനോട് ഒരു ഓട്ടോറിക്ഷ ഡ്രൈവർ വിവരം പറഞ്ഞതിനെ തുടർന്ന് പൊലീസ് രേഖകള്‍ പരിശോധിച്ചു. പോസിറ്റീവാണെന്ന് ബോധ്യപ്പെട്ടതോടെ ഇയാള്‍ക്ക് സാനിറ്റൈസറും മാസ്‌കും ഗ്ളൗസും നൽകി. തുടർന്ന് വിവരം ആരോഗ്യ വകുപ്പില്‍ അറിയിച്ചു. ശേഷം ജില്ല ആശുപത്രിയിൽ നിന്നും ആംബുലൻസ് എത്തി ഇയാളെ കൊവിഡ് വാർഡില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. പിന്നാലെ സിവിൽ ഡിഫൻസ് വോളണ്ടിയർമാർ ചിന്നക്കടയിൽ അണുനശീകരണം നടത്തി.