കൊല്ലം: കൊവിഡ് സമൂഹ വ്യാപന ഭീതിയെ തുടർന്ന് കഴിഞ്ഞ 17 ദിവസമായി മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാണ്. സംസ്ഥാനത്ത് 52 ദിവസം നീണ്ട് നിൽക്കുന്ന മൺസൂൺകാല ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കുമെങ്കിലും കൊവിഡ് ഭീതി മൂലം മത്സ്യബന്ധനം നീണ്ട് പോകുമെന്ന ആശങ്കയിലാണ് തീരദേശം. ഉൾനാടൻ കായൽ മത്സ്യബന്ധനവും പ്രതിസന്ധി നേരിടുകയാണ്. ജില്ലയിൽ പൂർണമായും മത്സ്യചന്തകൾ അടച്ചതോടെ കായൽ മത്സ്യങ്ങളും വിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. മത്സ്യബന്ധന മേഖല നേരിടുന്ന പ്രതിസന്ധി കേരളത്തിന്‍റെ സമ്പദ്ഘടനയെ തന്നെ ബാധിച്ചിട്ടുണ്ട്.
കൊവിഡ് ഭീതിയിൽ തീരദേശം; മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ - kollam
കൊവിഡ് ഭീതി മൂലം മത്സ്യബന്ധനം നീണ്ട് പോകുമെന്ന ആശങ്കയിലാണ് തീരദേശം. ഉൾനാടൻ കായൽ മത്സ്യബന്ധനവും പ്രതിസന്ധി നേരിടുകയാണ്
ലോക്ക് ഡൗൺ നേരത്തെ തന്നെ മത്സ്യതൊഴിലാളികളുടെ ജീവിതത്തെ ദുരിതത്തിലാക്കിയിരുന്നു. തുടർന്ന് ഇളവുകൾ നല്‍കിതുടങ്ങിയപ്പോള്‍ കാലാവസ്ഥ മുന്നറിയിപ്പുകൾ വീണ്ടും തളർത്തി. ഇതോടെ ട്രോളിങ് നിരോധനത്തിന് മുമ്പേയുളള കരുതി വെയ്ക്കലും ഇല്ലാതായി. സർക്കാർ സഹായം പേരിന് മാത്രമാണ് ലഭിക്കുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ട്രോളിങ് ബോട്ടുകൾക്ക് പുറമേ ഇരുപതിനായിരത്തിലേറെ പരമ്പരാഗത യാനങ്ങളും കടലിൽ പോകുന്ന കേരളത്തിൽ ലക്ഷക്കണക്കിന് കുടുംബങ്ങളാണ് മത്സ്യബന്ധന മേഖലയെ ആശ്രയിച്ച് ജീവിക്കുന്നത്.