കേരളം

kerala

ETV Bharat / state

കൊവിഡ് ജാഗ്രതയുടെ കേരള മോഡല്‍: 770 കിലോമീറ്റർ കടന്നെത്തിയ അനുഭവക്കുറിപ്പ് - kollam aryankavu check post

കൊവിഡ് ഹോട്ട് സ്‌പോട്ടായ ചെന്നൈയില്‍ നിന്ന് കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി സ്വദേശമായ ആലപ്പുഴയില്‍ എത്തിയ മലയാളി ബിമല്‍ ബോസിന്‍റെ യാത്രാനുഭവം.

ചെന്നൈയില്‍ നിന്ന് ആലപ്പുഴയിലേക്ക്  കൊവിഡ് ഹോട്ട് സ്‌പോട്ട്  കൊല്ലം ആര്യങ്കാവ് ചെക് പോസ്റ്റ്  man traveled from chennai to alappuzha  kollam aryankavu check post  covid hot spot chennai
ചെന്നൈയില്‍ ടു ആലപ്പുഴ; 711 കിലോമീറ്റർ താണ്ടി ആശ്വാസ തീരത്തേക്ക്

By

Published : May 8, 2020, 8:39 PM IST

Updated : May 8, 2020, 8:50 PM IST

കൊല്ലം: കേരളം കരുതലോടെ കാത്തിരിക്കുമ്പോൾ ലോകത്തിന്‍റെ ഏത് കോണിലുള്ള മലയാളിക്കും ഈ കൊവിഡ് കാലത്ത് കരളുറപ്പോടെ കൂടണയാം. മഹാമാരിയില്‍ മരണം മുന്നില്‍ വന്നു നില്‍ക്കുമ്പോൾ ആരും ആഗ്രഹിച്ചുപോകുന്നത് ജന്മനാടിന്‍റെ കരുതലാണ്. കേരളം സർവ്വ സന്നാഹങ്ങളുമായി ജീവിതത്തിന്‍റെ രണ്ടറ്റം തേടി അന്യ ദേശങ്ങളിലേക്ക് പോയവരെ സ്വീകരിക്കുകയാണ്. രോഗ വ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ കേരളം കനത്ത ജാഗ്രതയോടെ ഓരോരുത്തരെയും സ്വീകരിക്കും. അതിർത്തികളില്‍ മുഴുവൻ സർക്കാർ സംവിധാനങ്ങളും ഒരേ മനസോടെ ഒന്നിച്ചുചേർന്നാണ് പരിശോധന സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

ലോക്ക് ഡൗണില്‍ ഇളവുകൾ വരുത്തിയതോടെ സ്വന്തം മണ്ണിലേക്ക് മടങ്ങിയെത്തിയ മലയാളിയുടെ യാത്രാനുഭവം കേരളത്തിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അനുഭവ സാക്ഷ്യം കൂടിയാണ്.

കൊവിഡ് സംഹാരരൂപം പ്രാപിച്ചുതുടങ്ങിയതോടെ ചെന്നൈയില്‍ നിന്ന് എങ്ങനെയും സ്വന്തം നാട്ടിലേക്ക് മടങ്ങണമെന്ന ആഗ്രഹം മാത്രമാണ് ആലപ്പുഴ സ്വദേശിയായ ബിമല്‍ ബോസിനുണ്ടായിരുന്നത്. എല്ലാ കരുതല്‍ നടപടികളും സ്വീകരിച്ച് സ്വന്തം വാഹനത്തില്‍ സുഹൃത്തിനൊപ്പം ചെന്നൈയില്‍ നിന്ന് രാത്രി ഒരു മണിയോടെ യാത്ര തിരിച്ചു.

രാത്രി ആയതിനാൽ കാര്യമായ പരിശോധനകൾ ഉണ്ടായിരുന്നില്ല. അവശ്യ സർവീസ് വാഹനങ്ങളും ചരക്ക് ലോറികളും മാത്രമാണ് റോഡിലുള്ളത്. പുലർച്ചെ അഞ്ച് മണി കഴിഞ്ഞതോടെ പരിശോധനാ സംവിധാനങ്ങൾ ആക്റ്റീവായി തുടങ്ങി. ഒന്ന് രണ്ട് ഇടങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ വാഹനം പരിശോധിച്ചു. കയ്യിലുള്ള ഇ പാസ് കാണിച്ചതോടെ പോകാനുള്ള അനുവാദം നൽകി. ഈ യാത്രയിലെ പ്രധാന കടമ്പ കേരള സംസ്ഥാന അതിർത്തി ചെക്പോസ്റ്റായ ആര്യങ്കാവാണ്. രാവിലെ 11.30 ഓടെയാണ് ആര്യങ്കാവിലെത്തിയത്. അതിർത്തി കടന്നതോടെ കേരള പൊലീസ് സംഘം വാഹനം മാറ്റിയിടാൻ നിർദ്ദേശം തന്നു.

ഇ- പാസ് കാണിച്ചതോടെ ആദ്യത്തെ ഹെൽപ്പ് ഡെസ്കിൽ പോകാൻ നിർദേശിച്ചു. അവിടെ എത്തിയ എന്നെയും സുഹൃത്തിനെയും പ്രാഥമിക പരിശോധന നടത്തി. പ്രധാനമായും ശരീരോഷ്മാവ് പരിശോധിച്ചു. തുടർന്ന് വീണ്ടും ഒരു പാസ് നൽകി. അതുമായി സമീപത്തെ ഫയർ ഫോഴ്‌സ് സംഘത്തിന്‍റെ അടുത്തേക്ക്. വന്ന വാഹനം അണുവിമുക്തമാക്കാൻ പ്രത്യേക സജ്ജീകരണങ്ങൾ ക്രമീകരിച്ചിരുന്നു.

ഇതിന് ശേഷം നൽകിയ സ്ലിപ്പുമായി പൊലീസ് ഡെസ്കിലേക്ക് ചെന്നു. അത് വെരിഫൈ ചെയ്ത് ശേഷം തൊട്ടടുത്ത സ്‌കൂൾ മൈതാനതേക്ക് വാഹനം കൊണ്ടു പോകാൻ പറഞ്ഞു. വാഹനം പാർക്ക് ചെയ്ത ശേഷം സ്‌കൂളിൽ പ്രവർത്തിക്കുന്ന പ്രധാന ഹെൽത്ത് ഡെസ്കിലേക്ക് ഓരോരുത്തരെയും വിളിക്കുന്നത് അനുസരിച്ച് ചെല്ലണം. എവിടെ നിന്ന് വരുന്നു, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടോ തുടങ്ങി വിശദമായ വിവര ശേഖരണം. പരിശോധന കഴിഞ്ഞ് ടോക്കണിന് സമാനമായി ഒരു സ്ലിപ്പ് നമ്പർ തരും. പേര് വിളിക്കുന്ന സമയത്ത് അതുമായി ഡോക്ടർമാരുടെ സംഘത്തിന് അടുത്തേക്ക് ആണ് പിന്നെയുള്ള യാത്ര. വരുന്ന സ്‌ഥലവും രോഗ ലക്ഷണങ്ങളും അടിസ്ഥാനമാക്കിയാണ് നിരീക്ഷണ സംവിധാനം നിർദേശിക്കുന്നത്. ഞാൻ വന്നത് ഹോട്ട് സ്‌പോട്ടില്‍ നിന്നായതിനാല്‍ സർക്കാർ സംവിധാനങ്ങൾക്ക് കീഴിൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്ന് ഡോക്ടർമാരുടെ സംഘം നിർദേശിച്ചു. ഇത് രേഖാമൂലം സാക്ഷ്യപ്പെടുത്തി കഴിഞ്ഞാൽ വീണ്ടും മറ്റൊരു സ്ഥലത്തേക്ക്. അവിടെയാണ് താമസ സൗകര്യം ഏർപ്പെടുത്തുന്നത്.

സുഹൃത്തിനും എനിക്കും ഒരേ മുറിയിലാണ് താമസം നിർദേശിച്ചത്. അത് അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല. ഒരുമിച്ച് വന്നത് ഒഴിച്ചാൽ ചെന്നൈയിൽ ഒരുമിച്ച് ആയിരുന്നില്ല ഞങ്ങൾ ഇരുവരും. ശക്തമായ എതിർപ്പ് അറിയിച്ചതിന് പിന്നാലെ പ്രത്യേക മുറികൾ ആലപ്പുഴയിലെ ഹോട്ടലിൽ തരാമെന്ന് അധികൃതർ സമ്മതിച്ചു. ഇത്രയും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുമ്പോൾ ഒരിടത്ത് പാളിച്ച വന്നാൽ മതിയല്ലോ കാര്യങ്ങൾ മാറി മറിയാൻ. തുടർന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ ഡെസ്കിലേക്ക് പോയി. അവിടെ നിന്ന് ഞങ്ങൾ വന്ന വാഹനം വെരിഫൈ ചെയ്ത ശേഷം എക്സിറ്റ് പേപ്പർ ലഭിക്കും. ഇത്‌ കിട്ടി കഴിഞ്ഞാൽ ചെക്പോസ്റ്റ് കടന്ന് പോകാനുള്ള അന്തിമ അനുമതി കിട്ടും. തുടർന്ന് സംസ്ഥാനത്തിനകത്ത് നടക്കുന്ന പരിശോധനകളിൽ ഈ പാസ് കാണിച്ചാൽ മതിയായാകും. രണ്ടര മണിക്കൂറോളം നീണ്ടു നിന്ന പരിശോധനകൾ. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് നല്ല സമീപനം. ഹോട്ട് സ്പോട്ടുകളിൽ നിന്ന് വരുന്നവർക്ക് പ്രത്യേകം മുറി നൽകാതെ ഒന്നിച്ചു താമസം അനുവദിക്കുന്ന സമീപനം ഉണ്ടായാൽ പ്രതികരിക്കാതെ മടങ്ങരുത്‌ എന്ന് മാത്രമേ ഈ അവസരത്തിൽ പറയാനുള്ളൂ. നിരീക്ഷണ കാലത്ത് സർക്കാർ സംവിധാനങ്ങളെ കബളിപ്പിച്ച് പുറത്തു കറങ്ങി നടക്കാം എന്ന വ്യാമോഹം ആർക്കും വേണ്ട കേട്ടോ... നിങ്ങളെ കൃത്യമായി 24 മണിക്കൂറും ട്രാക്ക് ചെയ്യുന്നുണ്ട് എന്ന് കൂടി ഓർമയിൽ ഇരിക്കട്ടെ.. ബിമല്‍ ബോസ് പറഞ്ഞു നിർത്തി... ഇത് കേരള മോഡലാണ്. മഹാമാരിയില്‍ മലയാളി സ്വന്തം മണ്ണിലേക്ക് മടങ്ങുമ്പോഴും കേരളം കരുതലോടെ കൊവിഡിനെ നേരിടുകയാണ്. ഒരു ചെറിയ പിഴവ് പോലും രോഗ വ്യാപനമെന്ന അവസ്ഥയ്ക്ക് കാരണമാകും. അതുകൊണ്ടു തന്നെ ജാഗ്രതയുടെ സർവ്വ സന്നാഹങ്ങളുമായി കേരളം എല്ലാവരേയും സ്വീകരിക്കും.

Last Updated : May 8, 2020, 8:50 PM IST

ABOUT THE AUTHOR

...view details