വയനാട്/ കൊല്ലം/ പാലക്കാട്: സംസ്ഥാനത്ത് കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങൾ ശക്തം. കൊവിഡ് രോഗ പ്രതിരോധത്തിന്‍റെ ഭാഗമായി വയനാട് ജില്ലയില്‍ ഇന്ന് 112 പേര്‍ കൂടി നിരീക്ഷണത്തിലായി. ഇതോടെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 509 ആയി. മുപ്പത് പേരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 24 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. ആറ് പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. കണ്ണൂരില്‍ രോഗബാധ സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന അഞ്ച് പേരുടെയും മലപ്പുറത്ത് രോഗബാധ സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കത്തിലുണ്ടായിരുന്ന ഒരാളുടെയുമാണ് പരിശോധനാഫലം ലഭിക്കാനുള്ളത്. ജില്ലയിലെ അന്തര്‍ സംസ്ഥാന അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ നടത്തിയ സ്‌ക്രീനിങില്‍ വാഹനങ്ങളിലെത്തിയ 4,868 യാത്രക്കാരെ ഇതുവരെ പരിശോധിച്ചു. ഇതിൽ പനി കണ്ടെത്തിയ എട്ട് യാത്രക്കാരില്‍ ആറ് പേരെ ആശുപത്രികളിലേയ്ക്ക് റഫര്‍ ചെയ്‌തിട്ടുണ്ട്.
പ്രതിരോധം ഊർജിതം; സംസ്ഥാനത്ത് കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍
സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും വ്യാപനം തടയുന്നതിന് മനുഷ്യവിഭവശേഷി പൂർണമായും ഉപയോഗിക്കുമെന്നും ആരോഗ്യ വകുപ്പ്
കൊല്ലം ജില്ലയിൽ ആശുപത്രിയില്‍ ഏഴ് പേരും വീടുകളില്‍ 666 പേരും നിരീക്ഷണത്തില്‍. 349 സാമ്പിളുകൾ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെക്ക് അയച്ചതിൽ 81 എണ്ണത്തിന്‍റെ ഫലം കൂടി വരാനുണ്ട്. 268 പേരുടെ ഫലം വന്നതിൽ എല്ലാം നെഗറ്റീവ് ആണ്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും വ്യാപനം തടയുന്നതിന് മനുഷ്യവിഭവശേഷി പൂർണമായും ഉപയോഗിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.
പാലക്കാട് ജില്ലയില്‍ കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്‍റെ ജാഗ്രതയും നിരീക്ഷണവും സജീവമായി തുടരുന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. പാലക്കാട് ജില്ലയിൽ 492 പേരാണ് ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലുള്ളത്. 466 പേര്‍ വീടുകളിലും 12 പേര്‍ ജില്ലാ ആശുപത്രിയിലും. നാല് പേർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും 10 പേർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ആരുടെയും ആരോഗ്യ നിലയില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ അറിയിച്ചിട്ടുണ്ട്. ഇതുവരെ 113 സാമ്പിളുകള്‍ അയച്ചതില്‍ 85 ഫലങ്ങളും നെഗറ്റീവാണ്. ആകെ 726 ആളുകളാണ് നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 234 പേരുടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.