വായ്‌പ തിരിച്ചടവ് മുടങ്ങിയതിന് ദമ്പതികളെ മര്‍ദിച്ചെന്ന് പരാതി കൊല്ലം : ലോണ്‍ തിരിച്ചടവ് മുടങ്ങിയതിന് ദമ്പതികളെ വീടുകയറി മര്‍ദിച്ചതായി പരാതി. കൊല്ലം പള്ളിമുക്ക് സ്വദേശി സിദ്ധീഖിനും ഭാര്യ ആശയ്‌ക്കുമാണ് ബജാജ് ഫിന്‍സെര്‍വിലെ കരാര്‍ ജീവനക്കാരില്‍ നിന്ന് മര്‍ദനമേറ്റത്. തവണ വ്യവസ്ഥയില്‍ വാങ്ങിയ സ്‌മാര്‍ട്ട് ഫോണിന്‍റെ വായ്‌പ തിരിച്ചടവ് മുടങ്ങിയതിനാണ് ദമ്പതികളെ ബജാജ് ഫിന്‍സെര്‍വ് ജീവനക്കാര്‍ വീടുകയറി ആക്രമിച്ചത്.
ആറ് മാസത്തെ തിരിച്ചടവിന് പതിനേഴായിരം രൂപയുടെ ഫോണാണ് ദമ്പതികള്‍ വാങ്ങിയത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായതിനാല്‍ ജനുവരി മാസത്തെ തിരിച്ചടവ് മുടങ്ങി. ഇക്കാര്യം ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നെന്നും എന്നാല്‍ തുടര്‍ന്നാണ് നാലംഗ സംഘം വീട്ടിലെത്തി തങ്ങളെ ആക്രമിച്ചതെന്നും സിദ്ധീഖ് പറഞ്ഞു.
മര്‍ദനത്തില്‍ സിദ്ധീഖിന്‍റെ കാലിന് പരിക്കേറ്റു. വസ്ത്രം വലിച്ചുകീറുകയും തടയാന്‍ ശ്രമിച്ചതിന് തന്നെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്‌തെന്ന് സിദ്ധീഖും ഭാര്യ ആശയും പറഞ്ഞു. ആക്രമണത്തിനിരയായ ദമ്പതികള്‍ മയ്യനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ദമ്പതികളുടെ പരാതിയില്‍ ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ ഉന്തും തള്ളുമുണ്ടായി. ദമ്പതികളെ ആക്രമിച്ചവര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്നും ബജാജ് ഫിന്‍സെര്‍വിലെ തീവെട്ടിക്കൊള്ളയ്‌ക്കെതിരെ ഉപഭോക്തൃ സമൂഹം ഒരുമിക്കണമെന്നും പ്രതിഷേധ മാര്‍ച്ച് ഉദ്‌ഘാടനം ചെയ്‌ത് മുന്‍ ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്‌ണ പറഞ്ഞു.
സംഭവസ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും ബജാജ് ഫിന്‍സെര്‍വ് ജീവനക്കാര്‍ ഭീഷണി മുഴക്കി. സമാനമായ രീതിയിൽ ബജാജിന്‍റെ പീഡനങ്ങൾക്കെതിരെ പരാതിയുമായി നിരവധിയാളുകളാണ് രംഗത്തെത്തിയിട്ടുള്ളത്. ദമ്പതികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.