കിറ്റ് കൊടുത്തതിന്‍റെ പലിശയാണ് സര്‍ക്കാര്‍ ഈടാക്കുന്നതെന്ന് സതീശന്‍ കൊല്ലം :സംസ്ഥാന ബജറ്റിനെതിരെ കോൺഗ്രസ് സമരത്തിന്. ജില്ല കേന്ദ്രങ്ങളിലും പ്രാദേശിക തലങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും, യോഗങ്ങളും സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. കിറ്റ് കൊടുത്തതിന്‍റെ പലിശയാണ് സർക്കാർ തിരികെ വാങ്ങുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
നികുതി കുറയ്ക്കും വരെ സംസ്ഥാനത്ത് കോൺഗ്രസ് സമരവുമായി മുന്നോട്ടുപോകും. ഒരു ധനമന്ത്രിക്ക് എങ്ങനെയാണ് സാധാരണക്കാരുടെ തലയിൽ നികുതിഭാരം അടിച്ചേൽപ്പിക്കാൻ കഴിയുക. മദ്യത്തിന്‍റെ വില കൂട്ടിയത് മൂലം വിലകുറഞ്ഞ മറ്റ് ലഹരികളിലേക്ക് യുവാക്കളെ തള്ളിവിടുകയാണ് സർക്കാർ.
മദ്യത്തിന് വില കൂട്ടിയാൽ ഉപഭോഗം കുറയില്ല. കൂടുതൽ ലഹരി കിട്ടുന്ന വസ്‌തുക്കളിലേക്ക് ആളുകൾ തിരിയും. മഹാപ്രളയവും മഹാമാരിയും കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകളുടെ തലയിലേക്കാണ് 4,000 കോടിയുടെ നികുതിഭാരം അടിച്ചേല്‍പ്പിച്ചത്.
ബജറ്റിന്‍റെ ഭാഗമായി രൂക്ഷമായ വിലക്കയറ്റമുണ്ടാകും. സാമൂഹിക സുരക്ഷ പെൻഷൻ ഒരു രൂപ പോലും വർധിപ്പിച്ചില്ല. എല്ലാ വാഹനങ്ങൾക്കും നികുതിയും സെസും വർധിപ്പിച്ചു. സർക്കാർ ജനങ്ങളുമായി ഏറ്റുമുട്ടുകയാണ്. സർക്കാരിന്‍റെ ശത്രു സാധാരണക്കാരാണെന്നും വി.ഡി.സതീശൻ ആരോപിച്ചു. ഇന്ധന സെസ് വർധിപ്പിച്ചതിനെതിരെ കോൺഗ്രസ് കൊല്ലം സിവിൽ സപ്ലൈസ് പെട്രോൾ പമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്‌തു.