കൊല്ലം:ഒന്നര വയസുകാരന് പ്രതിരോധ കുത്തിവെപ്പ് എടുത്തതിൽ പിഴവ് സംഭവിച്ചതായി പരാതി. തുടയിൽ എടുക്കേണ്ട കുത്തിവെയ്പ്പ് കാൽമുട്ടിൽ എടുത്തതോടെ കൊല്ലം മുഖത്തല സ്വദേശിയായ ഒന്നര വയസുകാരൻ ആശുപത്രിയിൽ ചികിത്സയിൽ. തൃക്കോവിൽവട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിനെതിരെയാണ് ഗുരുതര ചികിത്സ പിഴവ് ഉയർന്നിരിക്കുന്നത്.
ഇക്കഴിഞ്ഞ സെപ്റ്റബർ ഒന്നാം തീയതിയാണ് ഒന്നര വയസിൻ്റെ പ്രതിരോധ കുത്തിവെയ്‌പായ ഡിപിടി ഒന്നാം ബൂസ്റ്റർ എടുക്കാൻ മാതാപിതാക്കൾ മുഹമ്മദ് ഹംദാനെ തൃക്കോവിൽവട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. തുടയിൽ എടുക്കേണ്ട കുത്തിവയ്‌പ് നഴ്‌സ് സ്ഥാനം തെറ്റിച്ച് കാൽമുട്ടിലെടുത്തു. അതിന് ശേഷം കുട്ടി നിർത്താതെ കരയുകയും വേദന കൊണ്ടുള്ള അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്‌തു. നിലവിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി.