കൊല്ലം: കൊവിഡ് കാലമാണെങ്കിലും ലോക്‌ഡൗണ്‍ നിയന്ത്രണത്തിലെ കാര്യമായ ഇളവ് ക്രിസ്‌മസ് വിപണിയെ സജീവമാക്കി. ക്രിസ്‌മസിന്‍റെ അടയാളമായി നക്ഷത്രങ്ങളെമ്പാടും ഉയര്‍ന്നു. നക്ഷത്ര നിര്‍മാണം ഏറെയുളള കൊല്ലത്തെ ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കും പ്രതീക്ഷയുടേതാണ് ഇത്തവണത്തെ ക്രിസ്‌മസ്.
ഈറ്റക്കമ്പുകള്‍ കൂട്ടിക്കെട്ടി വര്‍ണക്കടലാസ് ഒട്ടിച്ച് നക്ഷത്രവിളക്ക് തൂക്കിയിരുന്ന കാലമല്ലല്ലോ ഇത്. മിന്നിത്തിളങ്ങുന്ന വൈദ്യുതിബള്‍ബിനൊപ്പം യന്ത്രനിര്‍മ്മിത പേപ്പര്‍ നക്ഷത്രങ്ങളാണ് വിപണിയിലേറെയും. രാജ്യത്തെ മിക്കയിടങ്ങളിലേക്കും കൊല്ലത്തു നിന്നാണ് പേപ്പര്‍ നക്ഷത്രങ്ങള്‍ കയറ്റുമതി ചെയ്യുന്നത്.
കൊവിഡിനിടയിലും ക്രിസ്‌മസ് വിപണി ഉണർന്നു; നക്ഷത്ര വ്യവസായത്തിന് ഇത് മിന്നും കാലം പേപ്പര്‍ കൊണ്ടുളള ക്രിസ്‌മസ് സ്റ്റാര്‍ തയാറാക്കുന്നതിങ്ങനെയാണ്. പല ആകൃതിയിലേക്ക് നക്ഷത്രങ്ങളെ വെട്ടിയൊതുക്കുന്നത് യന്ത്രങ്ങളിലൂടെയാണ്. യന്ത്രവഴിയില്‍ നക്ഷത്രങ്ങളുടെ രൂപമായെങ്കില്‍ പേപ്പറുകള്‍ ഏറെ ശ്രദ്ധയോടെ യോജിപ്പിക്കുന്ന ജീവനക്കാരെ കാണാം. കേടുപാടുകളില്ലാത്തതും നിറവും വലുപ്പവുമുളളതും നോക്കി തരം തിരിച്ച് പല പേരിട്ട് വിറ്റഴിക്കാനായി മാറ്റുന്നു.
ALSO READ:ക്രിസ്‌മസ് അലങ്കാരത്തിന് റീത്തുകള്‍ തയ്യാര്‍; മനോഹരമായ ക്രിസ്‌മസ് റീത്തുകള്‍ ഒരുക്കി കോട്ടയം സ്വദേശി
21 കാലുളള നക്ഷത്രങ്ങള്‍ വരെയുണ്ടെങ്കിലും അഞ്ചുകാലുളള നക്ഷത്രങ്ങള്‍ക്കാണ് ആവശ്യമേറെയും. വിപണിയറിഞ്ഞാണ് നിര്‍മാണം. അതിനാൽത്തന്നെ ഇരുപതുവര്‍ഷത്തിലേറെയായുളള കൊല്ലത്തെ നക്ഷത്ര നിര്‍മാണത്തിന്‍റെ പ്രതാപം മാറ്റമില്ലാതെ തുടരുകയാണ്.