കൊല്ലം: ഐപിഎല്‍ മാതൃകയില്‍ സംസ്ഥാന ടൂറിസം വകുപ്പ് തുടക്കമിട്ട ചുണ്ടന്‍ വള്ളങ്ങളുടെ ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) അടുത്ത വര്‍ഷം മുതല്‍ സംസ്ഥാന വ്യാപകമാക്കാന്‍ തീരുമാനം. കൊല്ലത്ത് അഷ്ടമുടിക്കായലില്‍ നടന്ന പ്രസിഡന്‍റ്സ് ട്രോഫി വള്ളംകളിയും സിബിഎല്ലിന്‍റെ ഫൈനല്‍ മത്സരങ്ങളും ഉദ്ഘാടനം ചെയ്യവെ ധനമന്ത്രി തോമസ് ഐസക്കാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ അഞ്ചു ജില്ലകളിലായി നടത്തുന്ന സിബിഎല്ലിന് അടുത്ത വര്‍ഷം മുതല്‍ മലബാര്‍ ജില്ലകളും വേദിയാകുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി.
പ്രാദേശികമായി മാത്രം നടന്നിരുന്ന പല വള്ളംകളികളും സിബിഎല്ലിന്‍റെ ഭാഗമായതോടെ അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടുവെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി. ലീഗ് സംസ്ഥാന വ്യാപകമാക്കുന്നതിനുവേണ്ട അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം ജനുവരിയില്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതിക കാരണങ്ങളാണ് ഇക്കുറി പൊന്നാനിയില്‍ നിശ്ചയിച്ച മത്സരം നടത്താന്‍ കഴിയാതിരുന്നതെന്ന് കടകംപള്ളി പറഞ്ഞു. പ്രാദേശിക വള്ളംകളികളുടെ പുനരുജ്ജീവനമാണ് സിബിഎല്‍ ഈ ജലവിനോദത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.