കൊല്ലം: ചടയമംഗലത്ത് വയോധികനെ കരണത്തടിച്ച സംഭവത്തിൽ പ്രൊബേഷൻ എസ്.ഐക്ക് ഗുരുതര വീഴ്ച ഉണ്ടായെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. വൃദ്ധന്‍റെ കരണത്തടിച്ചത് അനുചിതമായ നടപടിയാണ്. ആശുപത്രിയിൽ കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ടിട്ടും വഴിയിലുപേക്ഷിച്ച് പോയ നടപടി തെറ്റാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് കൊല്ലം റൂറൽ എസ് പി ഹരിശങ്കർ പൊലീസ് അക്കാദമി ഡയറക്ടർക്ക് കൈമാറി. ഹെൽമറ്റ് ധരിക്കാതെ ബൈക്കിനു പിന്നിൽ യാത്ര ചെയ്തതിനാണ് ചടയമംഗലം സ്വദേശി രാമാനന്ദനെ പ്രൊബേഷൻ എസ്ഐ നജീം കരണത്ത് അടിച്ചത്.
ചടയമംഗലം സംഭവം; എസ്.ഐക്ക് ഗുരുതര വീഴ്‌ച പറ്റിയെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് - സ്‌പെഷ്യൽ ബ്രാഞ്ച്
വൃദ്ധന്‍റെ കരണത്തടിച്ചത് അനുചിതമായ നടപടിയാണ്. ആശുപത്രിയിൽ കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ടിട്ടും വഴിയിലുപേക്ഷിച്ച് പോയ നടപടി തെറ്റാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കൊല്ലം റൂറൽ എസ് പി ഹരിശങ്കർ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി വിനോദ് കുമാറിനെ ചുമതലപ്പെടുത്തിയിരുന്നു. എസ്.ഐയുടെ നടപടി ഗുരുതര വീഴ്ചയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. അറസ്‌റ്റിന് ശ്രമിക്കുമ്പോൾ ബലം പ്രയോഗിക്കുന്നവരെ കരണത്ത് അടിക്കുന്നത് പൊലീസിന്‍റെ രീതിയല്ല. കൂടുതൽ പൊലീസുകാരെ വിളിച്ചുവരുത്തിയായിരുന്നു അറസ്റ്റ് ചെയ്യേണ്ടിയിരുന്നത്. രാമാനന്ദൻ ആശുപത്രിയിൽ കൊണ്ടു പോകണമെന്ന് എസ്.ഐയോട് ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറാകാതെ വഴിയിലുപേക്ഷിച്ച് പോയത് തെറ്റാണെന്നും ഡിവൈഎസ്പിയുടെ റിപ്പോർട്ടിലുണ്ട്.
റൂറൽ എസ്.പിയുടെ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിയ വിശദ റിപ്പോർട്ട് പൊലീസ് അക്കാദമി ഡയറക്ടർക്ക് കൈമാറി. അതിനിടെ കൊല്ലം ജില്ലാ സബ് ജഡ്ജ് ചി രാമാനന്ദന്‍റെ വീട്ടിൽ നേരിട്ടെത്തി മൊഴി രേഖപ്പെടുത്തി. അദ്ദേഹത്തിന് നിയമ സഹായം വേണമോ എന്ന് അറിയുന്നതിനാണ് ലീഗൽ സർവീസ് അതോറിറ്റിയുടെ ചുമതലയുള്ള സബ് ജഡ്ജ് നേരിട്ടെത്തിയത്. സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റിക്ക് സബ് ജഡ്ജ് ഇതു സംബന്ധിച്ച റിപ്പോർട്ട് കൈമാറും.