സിപിഐയുടെ ഉറച്ച കോട്ടയാണ് ചടയമംഗലം. 14 തവണ സിപിഐ എംഎല്‍എമാരെ നിയമസഭയിലെത്തിച്ച ചരിത്രം. വെളിയം ഭാര്‍ഗവന്‍, ഇ ചന്ദ്രശേഖരന്‍ നായര്‍, എംഎന്‍ ഗോവിന്ദന്‍ നായര്‍ തുടങ്ങിയ പ്രമുഖരെ വിജയിപ്പിച്ച മണ്ഡലം. 15 വര്‍ഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മുല്ലക്കര രത്നാകരന്‍ രണ്ട് ടേം വ്യവസ്ഥയുടെ ഭാഗമായി ഇത്തവണ മത്സര രംഗത്തില്ല. ഇത്തവണ ആര് ജയിച്ചാലും നിയമസഭയില്‍ പുതുമുഖമാകും.
സിപിഐ ദേശീയ കൗണ്‍സില്‍ അംഗവും മഹിള സംഘം സംസ്ഥാന പ്രസിഡന്‍റുമായ ജെ ചിഞ്ചുറാണിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ചിഞ്ചുറാണിയ്ക്ക് പകരം പ്രാദേശിക നേതാവ് എ മുസ്തഫയെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യമുയര്‍ത്തി പരസ്യ പ്രതിഷേധം ഉയര്‍ന്നത് തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് കണ്ടറിയണം. കെപിസിസി ജനറല്‍ സെക്രട്ടറി എംഎം നസീറാണ് യുഡിഎഫിനായി മത്സരരംഗത്ത്. യുവമോര്‍ച്ച ജില്ലാ പ്രസിഡന്‍റ് വിഷ്ണു പട്ടത്താനമാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
മണ്ഡല ചരിത്രം
1957 ല്‍ ഐക്യകേരളത്തിനൊപ്പം രൂപം കൊണ്ട മണ്ഡലം. ചടയമംഗലം, അലയമണ്‍, ചിതറ, ഇട്ടിവ, കുമ്മിള്‍, കടയ്ക്കല്‍, നിലമേല്‍, വെളിനല്ലൂര്‍, ഇളമാട് പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് ചടയമംഗലം നിയമസഭ മണ്ഡലം. നെടുവത്തൂര്‍ മണ്ഡലത്തിലുണ്ടായിരുന്ന വെളിനല്ലൂരും പുനലൂരിലെ അലയമണ്‍ പഞ്ചായത്തും പിന്നീടാണ് ചടയമംഗലത്തിനൊപ്പം ചേര്‍ന്നത്. ആകെ 2,00,587 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. അതില്‍ 94,818 പേര്‍ പുരുഷന്മാരും 1,05,768 പേര്‍ സ്ത്രീകളും ഒരാള്‍ ട്രാന്‍സ്‌ജെന്‍ഡറുമാണ്.
മണ്ഡല രാഷ്ട്രീയം
സിപിഐയുടെ ഉറച്ച കോട്ടയായ ചടയമംഗലത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രം ആരംഭിക്കുന്നത് വെളിയം ഭാര്‍ഗവനിലൂടെയാണ്. 1957ലെ ആദ്യ തെരഞ്ഞെടുപ്പില്‍ പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥി എം അബ്ദുള്‍ മജീദിനെ തോല്‍പ്പിച്ച് വെളിയം ഭാര്‍ഗവന്‍ നിയമസഭയിലെത്തി. 1960ലും വെളിയം ജയം തുടര്‍ന്നു. 1967ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഡി.ദാമോദരന്‍ പോറ്റിക്ക് ജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബി പിള്ളയെയാണ് പോറ്റി തോല്‍പ്പിച്ചത്. ദാമോദരന്‍ പോറ്റി പിന്നീട് നിയമസഭ സ്പീക്കറായി. 1970ല്‍ എം.വി ഗോവിന്ദന്‍ നായര്‍ക്ക് ജയം. 1977ല്‍ സിപിഎമ്മിന്‍റെ എന്‍ സുന്ദരേശനെ സിപിഐയുടെ ഇ ചന്ദ്രശേഖരന്‍ നായര്‍ 11,687 വോട്ടിന് തോല്‍പ്പിച്ചു. 1980ല്‍ മുസ്ലിംലീഗിന്‍റെ വലിയവീടന്‍ മുഹമ്മദ് കുഞ്ഞിനെതിരെ ചന്ദ്രശേഖരൻ നായർക്ക് വീണ്ടും ജയം.
1982ല്‍ സിപിഐയുടെ കെ.ആര്‍ ചന്ദ്രമോഹന്‍ നിയമസഭയിലെത്തി. സ്വതന്ത്രനായ ജി ചന്ദ്രശേഖരന്‍ ഉണ്ണിത്താനെതിരെ 7831 വോട്ടിനായിരുന്നു ചന്ദ്രമോഹന്‍റെ ജയം. 1987ല്‍ രണ്ടാമങ്കത്തിനിറങ്ങിയ ചന്ദ്രമോഹന്‍ 11,269 വോട്ടായി ഭൂരിപക്ഷമുയര്‍ത്തി. സ്വതന്ത്രനായ ആര്‍ രാധാകൃഷ്ണപിള്ളയായിരുന്നു എതിരാളി. 1991ല്‍ ഇ രാജേന്ദ്രനിലൂടെ സിപിഐ സീറ്റ് നിലനിര്‍ത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എ ഹിദൂര്‍ മുഹമ്മദിനെ 5039 വോട്ടിനാണ് രാജേന്ദ്രന്‍ തോല്‍പ്പിച്ചത്.