കൊല്ലം:കാറിന് തീപിടിച്ച് പ്രാദേശിക മാധ്യമ പ്രവർത്തകൻ മരിച്ചു. വേളമാനൂർ ഉമ മന്ദിരത്തിൽ സുധി വേളമാനൂരാണ് ദാരുണമായി മരിച്ചത്. വ്യാഴം പകൽ അഞ്ച് മണിയോടെ ചാത്തന്നൂർ-പരവൂർ റോഡിൽ മീനാട് പാലമുക്കിന് സമീപമാണ് അപകടം നടന്നത്.
കാറിന് തീപിടിച്ച് പ്രാദേശിക മാധ്യമ പ്രവർത്തകന് ദാരുണാന്ത്യം - തീ
പ്രാദേശിക മാധ്യമ പ്രവർത്തകനായ സുധി വേളമാനൂരാണ് മരിച്ചത്. വീട്ടിൽ നിന്നും കാർ പരവൂർ ഭാഗത്തേക്ക് പോകുന്നതിനായി റോഡിലേക്ക് ഇറക്കിയതിന് പിന്നാലെ കാറിൽ ഉഗ്ര ശബ്‌ദത്തോടെ തീ ആളിപ്പടരുകയായിരുന്നു
വീട്ടിൽ നിന്നും കാർ പരവൂർ ഭാഗത്തേക്ക് പോകുന്നതിനായി റോഡിലേക്ക് ഇറക്കിയതിന് പിന്നാലെ കാറിൽ ഉഗ്ര ശബ്‌ദത്തോടെ തീ ആളിപ്പടരുകയായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. സീറ്റ് ബെൽറ്റ് ഇട്ടിരുന്നതിനാൽ കാറിൽ നിന്നും സുധിക്ക് ഇറങ്ങാനും കഴിഞ്ഞില്ല. നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടരുന്നത് കണ്ട് പിൻമാറുകയായിരുന്നു.
തുടർന്ന് നാട്ടുകാർ പൊലീസിനെയും അഗ്നിശമന വിഭാഗത്തെയും വിവരം അറിയിച്ചു. പരവൂരിൽ നിന്നും അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. സംഭവസമയം ഭാര്യയും ഭാര്യാമാതാവും സ്ഥലത്തെത്തിയിരുന്നു. കാറിനുള്ളിലെ സീറ്റിനും മറ്റുമാണ് തീ പിടിച്ചത്. എഞ്ചിൻ ഒഴികെ കാർ പൂർണമായും കത്തിയമർന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.