കേരളം

kerala

ETV Bharat / state

ബുള്ളറ്റിനെ പ്രണയിച്ച തങ്കമണി 'ബുള്ളറ്റ് മണി'യായി - KOLLAM

സ്കൂളില്‍ പഠിക്കുമ്പോൾ ബുള്ളറ്റിനോട് തോന്നിയ ആരാധനയാണ് തങ്കമണിയെ മെക്കാനിക്കാക്കിയത്. കഴിഞ്ഞ 56 വർഷമായി മണി ബുള്ളറ്റില്‍ മാത്രമാണ് കൈവെയ്ക്കുന്നത്. ഇപ്പോൾ റോയൽ എൻഫീൽഡ് ഷോറൂമുകളില്‍ നിന്ന് പോലും സംശയം ചോദിച്ചറിയാൻ മണിയെ വിളിക്കും. വാഹന നിർമ്മാതാക്കളെ പോലും അമ്പരപ്പിക്കുന്ന മോഡിഫിക്കേഷൻ വർക്കുകളാണ് മണിയുടെ ട്രേഡ് മാർക്ക്.

ബുള്ളറ്റിനെ പ്രണയിച്ച തങ്കമണി

By

Published : Sep 5, 2019, 9:47 AM IST

Updated : Sep 5, 2019, 12:25 PM IST

കൊല്ലം; റോയല്‍ എൻഫീല്‍ഡ് ബുള്ളറ്റില്‍ ഒരു യാത്രപോകാൻ ആഗ്രഹിക്കാത്ത ഇരുചക്രവാഹന പ്രേമികൾ ഉണ്ടാകില്ല. ബ്രിട്ടനിൽ നിന്നും ഇന്ത്യയിലെത്തി നിരത്ത് കീഴടക്കിയ ബുള്ളറ്റിനെ ജനകീയമാക്കിയ ഒരു ബുള്ളറ്റ് ഡോക്ടർ കൊല്ലത്തുണ്ട്. പേര് പി തങ്കമണി. ബുള്ളറ്റ് മണിയെന്ന് പറഞ്ഞാല്‍ അറിയാത്തവരില്ല. കൊല്ലം - അയത്തില്‍ റോഡില്‍ വിമലഹൃദയ സ്കൂളിന് സമീപത്തെ രണ്ട് മുറി വർക്ക് ഷോപ്പില്‍ മണി സൃഷ്ടിച്ചത് ബുള്ളറ്റ് സാമ്രാജ്യമാണ്.

ബുള്ളറ്റിനെ പ്രണയിച്ച തങ്കമണി
സ്കൂളില്‍ പഠിക്കുമ്പോൾ ബുള്ളറ്റിനോട് തോന്നിയ ആരാധനയാണ് തങ്കമണിയെ മെക്കാനിക്കാക്കിയത്. കഴിഞ്ഞ 56 വർഷമായി മണി ബുള്ളറ്റില്‍ മാത്രമാണ് കൈവെയ്ക്കുന്നത്. ഇപ്പോൾ റോയൽ എൻഫീൽഡ് ഷോറൂമുകളില്‍ നിന്ന് പോലും സംശയം ചോദിച്ചറിയാൻ മണിയെ വിളിക്കും. വാഹന നിർമ്മാതാക്കളെ പോലും അമ്പരപ്പിക്കുന്ന മോഡിഫിക്കേഷൻ വർക്കുകളാണ് മണിയുടെ ട്രേഡ് മാർക്ക്. അതിൽ പലതും രഹസ്യവുമാണ്. അറ്റകുറ്റപ്പണി നടത്തിയും ബുള്ളറ്റ് നിർമ്മിച്ചും മർമ്മമറിഞ്ഞ വൈദ്യനായി കൊല്ലത്തുകാരുടെ മണി അണ്ണൻ 'റോയലായി'. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിവസവും സംശയങ്ങളുമായി നിരവധി പേർ വിളിക്കും. ബുള്ളറ്റിന്‍റെ കരുത്തോടെ മണി അണ്ണൻ മറുപടി നല്‍കും. പിന്നെ അതിനേക്കാൾ വേഗത്തില്‍ അടുത്ത ബുള്ളറ്റിന്‍റെ നിർമാണത്തിലേക്ക് കടക്കും. റോയൽ എൻഫീൽഡിന്‍റെ പഴയ സർവേയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ബുള്ളറ്റ് ഉപയോഗിക്കുന്നത് കൊല്ലം ജില്ലയിലാണ്. ഈ അംഗീകാരം ജില്ലയ്ക്ക് സമ്മാനിച്ചത് ബുള്ളറ്റ് മണിയുടെ രാശിയുള്ള കൈകളാണെന്ന് കൊല്ലത്തുകാർ പറയും.ഒരു ബുള്ളറ്റ് കണ്ട് മണി അണ്ണൻ കൈവെച്ചാല്‍ പിന്നെ ഒരു പേടിയും വേണ്ട. പുതിയ വാഹനം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമായി പറഞ്ഞുതരും. ദീർഘദൂര യാത്ര പോകുന്നവർക്കായി 24 മണിക്കൂറും ഫോണിലൂടെ സേവനമുണ്ടാകും. സ്വന്തം ശരീരം നോക്കുന്ന ശ്രദ്ധയോടെ വാഹനത്തെയും നോക്കണമെന്നതാണ് മണിയുടെ ഉപദേശം. ഒപ്പം അപകടകരമായ ബൈക്ക് സ്റ്റണ്ട് ഒഴിവാക്കണമെന്നും അദ്ദേഹം പറയും. രണ്ട് മുറി കടയില്‍ നിന്ന് വലിയ ഷോറൂമിലേക്ക് മാറണമെന്ന് പലരും പറഞ്ഞിട്ടുണ്ട്. പക്ഷേ ഇതാണ് ബുള്ളറ്റ് മണിയുടെ സാമ്രാജ്യം. അത് ബുള്ളറ്റിനെ പോലെ കരുത്തനും റോയലുമാണ്.
Last Updated : Sep 5, 2019, 12:25 PM IST

ABOUT THE AUTHOR

...view details