കൊല്ലം:എത്ര സുന്ദരമായിരുന്നു ആ ദിവസങ്ങൾ... പാട്ടും നൃത്തവും തമാശയും പൊട്ടിച്ചിരിയും ക്ലാസ് മുറികളില്‍ നിറയുമ്പോൾ കുട്ടികളെക്കാൾ സന്തോഷം ഇവർക്കായിരുന്നു. കൊവിഡ് എത്തിയതോടെ പെട്ടെന്നാണ് എല്ലാം നിശബ്ദമായത്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടിയുള്ള കൊല്ലം ജില്ലയിലെ പെരിനാട് ബഡ്‌സ് സ്‌കൂളിലെ രണ്ട് അധ്യാപകർ കൊവിഡ് കാലം കഴിയുന്നതും കാത്തിരിക്കുകയാണ്.
കളി ചിരികളില്ല, ഈ സ്വർഗം നിശബ്‌ദമാണ്: കുട്ടികളെ കാണാൻ കൊതിച്ച് രണ്ട് അധ്യാപകർ സ്വന്തം മക്കളെ പോലെ നോക്കി വളർത്തിയ കുട്ടികൾ തിരികെ സ്കൂളിലെത്തുന്ന ദിവസമാണ് ഇവരുടെ സന്തോഷ ദിനം. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ് അധ്യാപകരായ വീണയും ശൈലജയും. സ്കൂൾ അടച്ചതോടെ ഓൺലൈൻ പഠനം ആരംഭിച്ചു. പക്ഷേ രാവിലെ പത്ത് മണി മുതൽ മൂന്ന് വരെ ഈ കുട്ടികളെ ഓൺലൈൻ ക്ലാസില്‍ പിടിച്ചിരുത്തുക എന്നത് ശ്രമകരമാണ്.
വീഡിയോ കോൾ ചെയ്ത് ഓരോരുത്തരോടും വിശേഷങ്ങൾ ചോദിച്ചറിയും. ചിലർ പാട്ട് പാടും. ദീർഘ നാളത്തെ ഗൃഹ വാസം കുട്ടികളിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പലർക്കും സ്‌കൂളിൽ വരുമ്പോൾ കാണുന്ന ആവേശം ഇപ്പോഴില്ല. മാനസിക ഉല്ലാസം നഷ്ടപ്പെട്ടതോടെ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ കുട്ടികളില്‍ കാണുന്നതായി അധ്യാപകർ പറയുന്നു. തിരികെ സ്‌കൂളിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇടയ്ക്ക് അധ്യാപകർ വിളിക്കുന്നതും സംസാരിക്കുന്നതുമാണ് ഏക ആശ്വാസം.
പല കുടുംബങ്ങളിലും ഓൺലൈൻ പഠനത്തിന് ആവശ്യമായ സൗകര്യമില്ല. സഹോദരങ്ങൾ പഠിക്കുന്നവരാണെങ്കില്‍ പ്രഥമ പരിഗണന അവർക്കാകും. അവിടെയും കൈത്താങ്ങും ആശ്വാസവുമായി ഈ അധ്യാപകരുണ്ട്. എങ്ങനെയും സ്കൂൾ തുറന്ന് പ്രവർത്തിക്കണമെന്നാണ് ഇവരുടെ ആഗ്രഹം. കുട്ടികളുടെ കളിചിരികൾ ഇപ്പോൾ ഓർമകൾ മാത്രമാണ്. കൊവിഡ് കാലം നല്‍കിയ വേദന മറന്ന് കുഞ്ഞുങ്ങൾ സ്‌കൂളിലേക്ക് മടങ്ങി വരുന്നതും കാത്തിരിക്കുകയാണ് അധ്യാപകരായ വീണയും ശൈലജയും.