കൊല്ലം:ബാർബർ ബ്യൂട്ടിഷ്യൻസ് തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന അഭ്യർത്ഥനയുമായി ജീവനക്കാരുടെ കണ്ണ് മൂടിക്കെട്ടി പ്രതിഷേധം. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ പതിനഞ്ച് മാസങ്ങളായി തൊഴിലെടുക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടെന്നാണ് ഇവരുടെ പരാതി. "യൂണിറ്റി ഓഫ് ബ്യൂട്ടിഷ്യൻസ്" എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ഉപജീവനത്തിനായി ബാങ്ക് വായ്പകളും മൈക്രോ ഫിനാൻസുകളും മറ്റുമുപയോഗിച്ച് കൊണ്ടാണ് പലരും തൊഴിലിടങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. തൊഴിൽ ചെയ്യാൻ സാധിക്കാത്തതിനാൽ വാടകയും മറ്റിതര ചിലവുകളും നൽകാനാകാതെ വൻ ബാധ്യതയാണ് ഈ മേഖല നേരിടുന്നത്. തൊഴിലിനു ഉപയോഗിക്കുന്ന പല ഉപകരണങ്ങളും കടകൾ പ്രവർത്തിക്കാത്തത് മൂലം നശിച്ചു.
ഈ സാഹചര്യത്തിൽ ശരിയായ സുരക്ഷാ മുൻകരുതലോടെ തൊഴിലിടങ്ങൾ തുറന്ന് പ്രവർത്തിക്കാൻ വേണ്ട സാഹചര്യം ഒരുക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ജില്ലയിലെ ജന പ്രധിനിധികളെ കണ്ട് തങ്ങളുടെ പ്രശ്നങ്ങളെ കുറിച്ചുള്ള നിവേദനം സമർപ്പിച്ചു.